ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു,ഇനി എന്‍.ഡി.എയുടെ മുഖ്യമന്ത്രിയാവും;’ഇന്ത്യ’ സഖ്യത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം ഞായറാഴ്ച രാവിലെ രാജിവച്ചത്.
ഔദ്യോഗിക വസതിയില്‍ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. വൈകിട്ടോടെ എന്‍.ഡി.എ. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാല്‍, മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് കുമാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച പട്‌നയില്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് അരങ്ങേറിയത്. ആര്‍.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു. ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
കോണ്‍ഗ്രസ് ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ചില കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ നിതീഷുമായി രഹസ്യചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിതീഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാനായില്ല.
ആര്‍.ജെ.ഡി. നേതൃത്വം രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. തീരുമാനമെടുക്കാന്‍ ലാലു പ്രസാദ് യാദവിനെ പാര്‍ട്ടിയോഗം ചുമതലപ്പെടുത്തി. ജെ.ഡി.യു.വില്‍നിന്ന് നേതാക്കളെ അടര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നെങ്കിലും ലാലു കുടുംബം അനുകൂലിച്ചില്ല.
ശനിയാഴ്ച ചില പൊതുപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തു. വിനോദസഞ്ചാര വകുപ്പിനുകീഴില്‍നടന്ന ക്ഷേത്രനവീകരണത്തിന്റെ ഉദ്ഘാടനത്തിന് നിതീഷ് എത്തിയെങ്കിലും വകുപ്പുമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിട്ടുനിന്നു. അതേസമയം, ബി.ജെ.പി. നേതാവ് അശ്വിനികുമാര്‍ ചൗബേ ചടങ്ങിനെത്തി. വെള്ളിയാഴ്ചനടന്ന റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങില്‍ നിതീഷും തേജസ്വിയും പങ്കെടുത്തിരുന്നെങ്കിലും പരസ്പരം മിണ്ടിയിരുന്നില്ല.