ചെന്നൈ: രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് ജീവിതത്തിന് ശേഷം സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചെങ്കിലും. തുടര്‍ന്ന് ഇരു കുടുംബത്തിനിടയിലും പല ചര്‍ച്ചകളും നടന്നതിനാല്‍ വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്യുന്നത് വൈകിയെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ ഐശ്വര്യ രജനീകാന്ത് ധനുഷ് വിവാഹ മോചന കേസില്‍ ഒരു ട്വിസ്റ്റ് നടന്നത് കഴിഞ്ഞ ഒക്ടോബര്‍ 9നായിരുന്നു.
ഇരുവരുടെ വിവാഹമോചന കേസില്‍ വാദം കഴിഞ്ഞ ഒക്ടോബര്‍ 9നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ധനുഷും ഐശ്വര്യയും ഈ ദിവസം കോടതിയില്‍ ഹാജറായില്ല. ഇതോടെ ചെന്നൈ പ്രിന്‍സിപ്പല്‍ ഫാമിലി കോര്‍ട്ട് ജഡ്ജ് ശുഭദേവി കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി. കക്ഷികളോട് നിര്‍ബന്ധമായി ഹജറാകാനും ആവശ്യപ്പെട്ടുവെന്നാണ് വിവരം.
അതേ സമയം ചില തമിഴ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രകാരം ഐശ്വര്യ രജനീകാന്തും ധനുഷും വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്നാണ് വിവരം. ഇതിനാലാണ് വിവാഹ മോചനക്കേസ് വാദം ഇരുവരും ഒഴിവാക്കിയത് എന്നാണ് അഭ്യൂഹങ്ങള്‍.
ഐശ്വര്യയും ധനുഷും വിവാഹമോചനത്തിനുള്ള തീരുമാനം പുനഃപരിശോധിക്കുകയാണ്. ഇതിലേക്ക് നയിച്ചത് ഐശ്വര്യയുടെ പിതാവ് നടൻ രജനികാന്തിന്‍റെ ആരോഗ്യനിലയും അടുത്തിടെ ഉണ്ടായ ഹൃദയ ചികില്‍സയുമാണ് എന്നാണ് അനുമാനം. കുടുംബ തർക്കങ്ങൾ രജനികാന്തിന്‍റെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിശ്വസ്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിനാല്‍ അച്ഛന്‍റെ മനസ്സമാധാനത്തിനായി വിവാഹമോചനം പിൻവലിക്കുന്നതിനെക്കുറിച്ച് ഐശ്വര്യ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
കൂടാതെ ഐശ്വര്യയുടെയും ധനുഷിന്‍റെയും മക്കളും അവരുടെ മാതാപിതാക്കൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് വിവരം. ഇത് അവരുടെ പുനർവിചിന്തനത്തെ കൂടുതൽ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടുകശള്‍ പറയുന്നു. രജനികാന്ത് അഭിനയിച്ച വേട്ടയന്‍ ഐശ്വര്യയും ധനുഷും യാദൃശ്ചികമായി ഒരേ തിയേറ്ററിലാണ് റിലീസ് ദിവസം കണ്ടത്. ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത് ദമ്പതികൾ അനുരഞ്ജനത്തിന് മാനസികമായി തയ്യാറായിരിക്കാമെന്നും ഒരു നല്ല പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേ സമയം ഒക്ടോബര്‍ 19ന് നിശ്ചയിച്ചിരിക്കുന്ന ഫാമിലി കോര്‍ട്ട് വാദത്തില്‍ എന്ത് നടക്കും എന്നത് കണ്ടറിയാം എന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.