NationalNews

ഭൂപേന്ദ്രഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ ഡിസംബർ 12 ന്

അഹമ്മദാബാദ്: ചരിത്ര വിജയം നേടിയ ഗുജറാത്തി നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്.

ആകെയുള്ള 182 സീറ്റിൽ 156 സീറ്റിലും ബിജെപി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. അതേസമയം ആദ്യമായി സംസ്ഥാനത്ത് പോരിനിറങ്ങിയ ആം ആദ്മി പാർട്ടി അഞ്ചിടത്ത് മുന്നിലാണ്. സമാജ്വാദി പാർടി ഒരിടത്തും, സ്വതന്ത്രർ രണ്ട് ഇടത്തും മുന്നിലുണ്ട്.

ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം തുടർച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോർഡ് കൂടെ ഇതോടെ ബിജെപിയുടെ പക്കലേക്ക് മാറും. അടുത്ത അഞ്ച് വർഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിർത്തിയാൽ ബിജെപിയാകും ഈ റെക്കോർഡിന്റെ അവകാശികൾ.

മികച്ച വിജയം കൈവരിച്ച  ഗുജറാത്തിലെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീൽ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു.  ഇന്ന് വൈകീട്ട് ആറ് മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button