FeaturedHome-bannerKeralaNews

കേരളത്തിലും ‘ഭാരത് ബന്ദ്’ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം; അക്രമമുണ്ടായാൽ നടപടിയെന്ന് പൊലീസ് മേധാവി

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഇന്നലെയുണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അർധ രാത്രി മുതൽ പ്രധാന സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

അഗ്നിപഥിനെതിരെ ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നടക്കും. പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ്  അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്.  യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.

അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാ‍ർ ഇന്ന് കരസേനയിലെ കരട് വിജ്ഞാപനം പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം ഇന്ന് ഇറങ്ങുമ്പോൾ റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുണ്ട്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

41 ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കും. ചില സംസ്ഥാന സർക്കാരുകൾ മടങ്ങി വരുന്ന അഗ്നവീറുകൾക്കാകെ ജോലി നല്‍കും എന്നറിയിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം സേനകൾ തേടും. ആദ്യ വർഷം 46000 പേരെയാണ് ചേർക്കുന്നതെങ്കിലും ഇത് പിന്നീട് 60000 ആയും 1,25,000 ആയും ഉയരുമെന്ന് സേനകൾ അറിയിച്ചു. 65 ശതമാനം പേർ 35 വയസിന് താഴെയുള്ള രാജ്യത്ത് സൈന്യം ചെറുപ്പമാകേണ്ടതില്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് സേനകൾ പദ്ധതിയെ ന്യായീകരിച്ചത്. ഇതിന് ദൈവം നല്‍കിയ സുവർണ്ണ അവസരമാണിതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. സേനകളെ മുന്നിൽ നിറുത്തി പ്രതിപക്ഷത്തിന്‍റെ എതിർപ്പ് നേരിടാൻ കൂടിയാണ് സർക്കാരിന്‍റെ ശ്രമം. അക്രമത്തിൽ പങ്കാളികളായവർക്ക് സേനകളിൽ ഇടമുണ്ടാകില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു.

വിജയ് വാര്‍ഗീയയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ കനത്ത പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി. യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്, ബിജെപിക്ക് കാവലിനല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 52 വർഷം ഇന്ത്യൻ പതാക ഉയർത്താത്തവർ സൈനീകരെ സംരക്ഷിക്കുമെന്ന് കരുതരുത്. പ്രധാനമന്ത്രിയുടെ മൗനം അപമാനകരമെന്നും രാഹുൽ ഗാന്ധി കുറിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്ന രോഷം എങ്ങനെ ശമിപ്പിക്കാമെന്ന്  തലപുകഞ്ഞാലോചിക്കുമ്പോഴാണ് ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ് വാര്‍ഗിയ വിവാദ പ്രസ്താവന നടത്തിയത്. മധ്യപ്രദേശില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിടെയാണ് സര്‍വീസ് കാലം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീറിനെ കഴിയുെമങ്കില്‍ ബിജെപി  ഓഫീസിന്‍റെ  കാവല്‍ക്കാരനാക്കുമെന്ന് വിജയ് വാര്‍ഗിയ പറഞ്ഞത്. 

കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ പ്രസ്താവനയും ബിജെപിക്ക് തലവേദനയായി. അഗ്നിവീറുകള്‍ക്ക് അലക്കുകാരുടെയും, ബാര്‍ബര്‍മാറുടെയും, ഡ്രൈവര്‍മാരുടെയും പരിശീലനം നല്‍കുമെന്നാണ് കിഷന്‍ റെഡ്ഡി പറഞ്ഞത്. ബിജെപി നേതാക്കളുടെ ഈ മനോനിലക്കെതിരെയാണ് സത്യഗ്രഹമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രവര്‍ത്തക സമിതിയംഗങ്ങളും എംപിമാരുമടക്കം പങ്കെടുത്ത ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ എല്ലാ  കക്ഷികളും ഉള്‍പ്പെട്ട യോജിച്ചുള്ള പ്രക്ഷോഭമാണ് ലക്ഷ്യമിടുന്നതെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button