ക്യൂ ഇല്ലാതെ ബിററേജസ് ഷോപ്പുകളിലൂടെ മദ്യം വില്‍ക്കാന്‍ പദ്ധതിയുമായി ബെവ്‌കോ
തിരുവനന്തപുരം: ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വില്‍ക്കാന്‍ പുതിയ പദ്ധതിയുമായി ബെവ്കോ. ഇതിനായി ആപ്പ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ബിവറേജസ് കോര്‍പറേഷന്‍. പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് കോര്‍പറേഷന്‍. സമയം മുന്‍കൂട്ടി നിശ്ചയിച്ച് ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കുന്നതാണ് പദ്ധതി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് ആളുകള്‍ കൂട്ടമായി എത്തുന്നതിന് കാരണമാകുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുമെന്നതിനാല്‍ മദ്യശാലകള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന നിലപാട് സര്‍ക്കാര്‍ എടുക്കുകയായിരുന്നു.
നേരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ജീവനക്കാര്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താനാണ് നിര്‍ദേശം. ഇതിനായി എംഡി ഒന്‍പത് നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മദ്യശാലകള്‍ തുറന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരിന്നു. മദ്യശാലകള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനാ പരിഗണനയല്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.
ലോക്ക് ഡൗണ്‍ തീരുന്നത് വരെ സംസ്ഥാനത്ത് മദ്യവില്‍പന വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനമെടുത്തിരുന്നു. സാഹചര്യം പരിശോധിച്ച് ഈ മാസം 17ന് ശേഷം തീരുമാനമെടുക്കും. മദ്യനികുതി കൂട്ടുന്ന കാര്യവും പിന്നീട് ആലോചിച്ചാല്‍ മതിയെന്ന് യോഗത്തില്‍ ധാരണയായിരുന്നു.