ബെംഗളൂരു: മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് മൂന്നു വട്ടം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി എസ്. ദേവ(24)യെയാണ് ഒപ്പംതാമസിച്ചിരുന്ന പങ്കാളി വൈഷ്ണവ്(24) അതിക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
അര മണിക്കൂറിനുള്ളില്‍ മൂന്നു തവണയാണ് പ്രഷര്‍ കുക്കര്‍ കൊണ്ട് വൈഷ്ണവ് ദേവയുടെ തലയ്ക്കടിച്ചതെന്നാണ് പോലീസ് പറയുന്നത്. ദേവ മരിച്ചെന്ന് ഉറപ്പിച്ചതോടെ വീട്ടില്‍നിന്ന് മുങ്ങിയ വൈഷ്ണവിനെ ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.
കൊല്ലം കൊട്ടാരക്കര സ്വദേശി വൈഷ്ണവും തിരുവനന്തപുരം സ്വദേശി ദേവയും കേരളത്തില്‍വെച്ചാണ് പരസ്പരം പരിചയപ്പെടുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ചില പൊതുസുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മൂന്നു വര്‍ഷം മുന്‍പ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. ഒന്നര വര്‍ഷം മുന്‍പാണ് രണ്ടു പേരും ബെംഗളൂരു ന്യൂ മൈക്കോ ലേഔട്ടില്‍ താമസം തുടങ്ങിയതെന്നും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിവിങ് ടുഗദര്‍ പങ്കാളിയായ ദേവയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ദേവ സ്ഥിരമായി മൊബൈലില്‍ സമയം ചിലവഴിക്കുന്നതും ചിലര്‍ക്ക് മെസേജ് അയക്കുന്നതും സംശയത്തിന് കാരണമായി.
സംഭവദിവസം ഇരുവരും ബെംഗളൂരുവില്‍ തന്നെ താമസിക്കുന്ന ദേവയുടെ സഹോദരി കൃഷ്ണയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് രണ്ടു പേരും തമ്മില്‍ വഴക്കിട്ടിരുന്നതായാണ് സഹോദരി നല്‍കിയ മൊഴി. തുടര്‍ന്ന് സഹോദരി ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടു പേരും വാടകവീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദേവയെ വൈഷ്ണവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
കുക്കറിലുണ്ടായിരുന്ന ചോറ് ഒരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷമാണ് പ്രതി ഇത് ഉപയോഗിച്ച് കൃത്യം നടത്തിയത്. കുക്കറുമായി കിടപ്പുമുറിയിലെത്തിയ പ്രതി വൈകിട്ട് നാലിനും നാലരയ്ക്കും ഇടയില്‍ മൂന്നു തവണയാണ് യുവതിയുടെ തലയ്ക്കടിച്ചതെന്നും പോലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ ദേവ തല്‍ക്ഷണം മരിച്ചു. കൃത്യം നടത്തിയശേഷം പ്രതി വാടകവീട്ടില്‍നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ ദേവയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി കൃഷ്ണ അയല്‍ക്കാരെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.