ചെന്നൈ:തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. നടന്‍ ശരത് കുമാറിന്റെ മകളായ വരലക്ഷ്‌മി അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തിയത്. താരപുത്രി എന്ന നിലയിൽ വരലക്ഷ്മിയുടെ സിനിമയിലേക്കുള്ള വരവ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്.
നിലവിൽ തെലുങ്കിൽ കത്തി കയറുകയാണ് വരലക്ഷ്മി. നെഗറ്റീവ് റോളുകളിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡി, മൈക്കിൾ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് വരലക്ഷ്‌മി കൈയടി വാങ്ങി കൂട്ടിയിരുന്നു. കോൺഡ്രാൾ പാവം എന്ന തമിഴ് ചിത്രമാണ് നടിയുടേതായി അവസാനം ഇറങ്ങിയത്.
2012 ൽ പോടാ പോടീ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വരലക്ഷ്മി ശരത്കുമാര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. താരപുത്രിയെന്ന ലേബല്‍ ഉള്ളതിനാല്‍ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാന്‍ സാധിച്ചു. തമിഴിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നാലെ കന്നടയിലും മലയാളത്തിലും അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടി നായകനായ കസബ ആയിരുന്നു ആദ്യ ചിത്രം.
കസബയ്ക്ക് ശേഷം കാറ്റ്, മാസ്റ്റർപീസ് തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. പോലീസുകാരിയായിട്ടും നായികയും വില്ലത്തിയായുമൊക്കെ ഇതിനകം നിരവധി വേഷങ്ങൾ വരലക്ഷ്‍മി കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളിലും തിളങ്ങാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം തുടക്ക സമയത്തൊക്കെ പല രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും വരലക്ഷ്മിക്ക് കേൾക്കേണ്ടി വന്നിരുന്നു.
ഒന്നാമതായി ശബ്ദത്തിന്റെ പേരിലുള്ള പരിഹാസമാണ് നടിക്ക് കേൾക്കേണ്ടി വന്നത്. പുരുഷശബ്ദത്തോട് സാമ്യം തോന്നുന്ന ലേശം ഉയര്‍ന്ന ശബ്ദമാണ് വരലക്ഷ്മിയുടേത്. അതിനെയാണ് പലരും പരിഹസിച്ചത്. എന്നാൽ അത് സിനിമയില്‍ ഗുണകരമായ രീതിയില്‍ ഉപയോഗിക്കപ്പെട്ടത് നടിയുടെ കരിയറിന് പിന്നീട് വലിയൊരു മുതല്‍ക്കൂട്ടായി മാറുകയായിരുന്നു.
വില്ലൻ വേഷങ്ങളിൽ എല്ലാം ആ ശബ്‍ദം വരലക്ഷ്മിക്ക് മുതൽക്കൂട്ടായി മാറിയിരുന്നു. പിന്നീട് വിമർശനം ഉയർന്നത് ശരീര ഭാരത്തിന്റെ പേരിലാണ്. അൽപം തടിച്ചാണ് താരം ഇരുന്നത്. ഇതിനെ ഒരുപാട് പേർ വിമർശിച്ചിരുന്നു. എന്നാൽ അടുത്തിടെ നടി വലിയ രീതിയിൽ ശരീര ഭാരം കുറച്ചു. കൂടുതൽ സ്ലിമായിട്ടാണ് വരലക്ഷ്‍മിയെ ഇപ്പോൾ കാണുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ നടിയോട് ഇത് സംബന്ധിച്ച് ചോദിക്കുകയുണ്ടായി അതിന് വരലക്ഷ്‍മി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എന്റെ ശരീരം എന്റെ അവകാശം എന്നായിരുന്നു നടിയുടെ മറുപടി. ‘നടിയായാൽ ഇങ്ങനെ ഇരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശരീരഭാരം കൂടിയപ്പോൾ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു,’
‘ഇപ്പോൾ ഞാൻ തെലുങ്കിൽ ആണ് കൂടുതൽ അഭിനയിക്കുന്നത്. തെലുങ്ക് സിനിമയിൽ കഥാപാത്രങ്ങൾ ഇന്ന വിധത്തിൽ ആകണം എന്നൊക്കെ ഉണ്ട്. അതിനു കൂടി വേണ്ടിയാണു ഞാൻ വണ്ണം കുറച്ചത്. ഒരിക്കലും മറ്റാരും പറയുന്നത് കേൾക്കരുത്. നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്ക് തോന്നുന്നുവോ അത് ചെയ്യുക’ വരലക്ഷ്‌മി ശരത്കുമാർ പറഞ്ഞു.
തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നതും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതുമായ ആറോളം ചിത്രങ്ങളാണ് വരലക്ഷ്മിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്നത്. മലയാളത്തിൽ കളേഴ്‌സ് എന്ന ചിത്രമാണ് അണിയറയിൽ ഉള്ളത്. ഈ സിനിമകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും എല്ലാത്തിലും പ്രധാന്യമുള്ള വേഷം നടിയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും വരലക്ഷ്മിയുടെ പുതിയ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.