ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ കമ്മിഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ച വിവരങ്ങളാണ് പുറത്തുവിട്ടത്. 2019 ഏപ്രിൽ 12ന് മുമ്പുള്ള ഡാറ്റയാണിത്. ഇതിന് ശേഷമുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.
2017-’18 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബി.ജെ.പിക്ക് ലഭിച്ചു. 2019 തിരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബി.ജെ.പിക്ക് ലഭിച്ചു. ഈ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് സംഭാവനയായി ലഭിച്ചത്. അതേസമയം ഡി.എം.കെയ്ക്ക് ലഭിച്ച 656.5 കോടിയിൽ 509 കോടിയും സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് നൽകിയത്.
2020നും 2023നും ഇടയിലെ ബോണ്ടുകളുടെ കണക്കാണ് പുറത്തുവന്നത്. മാർട്ടിൻ ആകെ വാങ്ങിയ 1368 കോടിയുടെ ഇലക്ടറൽ ബോണ്ടിൽ 37 ശതമാനമാണ് ഡി.എം.കെയ്ക്ക് നൽകിയത്. മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്, സൺ ടിവി, രാംകോ സിമന്റ്സ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവരും ഡി.എം.കെയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷ പാർട്ടിയായ എ.ഐ.ഡി.എം.കെയ്ക്ക് ലഭിച്ച 6 കോടിയിൽ അഞ്ചുകോടിയും നൽകിയത് ചെന്നൈ സൂപ്പർ കിംഗ്‌സാണ്.