തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിവാദ ഐ എ എസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. 06.1.17 മുതല്‍ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്.
ഇക്കാലയളവില്‍ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരുലക്ഷം രൂപയാക്കി ശമ്പളം ഉയര്‍ത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17*50,000) ചിന്തക്ക് ലഭിക്കും. 26.5.18 മുതല്‍ ചിന്തയുടെ ശമ്പളം ഒരുലക്ഷം രൂപയായി സര്‍ക്കാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22-ന് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.
അധ്യക്ഷയായി നിയമിതയായ 14.10.16 മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും ആയതിനാല്‍ 14.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈപറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്നായിരുന്നു 20.8.22 ല്‍ ചിന്ത ജെറോം സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാന്‍ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോള്‍ താന്‍ സര്‍ക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനൊരു കത്ത് ഉണ്ടെങ്കില്‍ പുറത്ത് വിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. ചിന്തയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന ഉത്തരവിലെ വിവരങ്ങള്‍.
സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നല്‍കിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളി കളഞ്ഞിരുന്നു. മുന്‍കാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ പ്രതിമാസം ശമ്പളം നല്‍കാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബര്‍ 26 ന് 4.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാന്‍സ് ആയി നല്‍കിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ചുകൊണ്ട് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കടുത്ത സമര്‍ദ്ദത്തെ തുടര്‍ന്ന് ധനമന്ത്രി ബാലഗോപാല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു.
26.5.18 ലാണ് യുവജനകമ്മീഷന് സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. അന്ന് മുതലാണ് ശമ്പളം ഒരുലക്ഷമായി തീരുമാനിച്ചത്. ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവിലെ ശമ്പളം ഒരുലക്ഷമായി മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവര്‍ തങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.