കൊച്ചി:മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്.
ഇപ്പോഴിതാ സിനിമാപ്രേമികളില്‍ ഏറെ കൌതുകം ഉണര്‍ത്തുന്ന ഒരു അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം അവതാര്‍ 2 നൊപ്പം ബറോസ് ട്രെയ്ലര്‍ കാണിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് മോഹന്‍ലാലിന്‍റെ വാക്കുകള്‍.
റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ- ബറോസിന്‍റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്.
ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍. അവതാര്‍ 2 നൊപ്പം ബറോസിന്‍റെ ട്രെയ്‍ലര്‍ കാണിക്കാന്‍ സാധിക്കട്ടെ. ഇന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം എത്താം. ഏത് ഭാഷകളില്‍ വേണമെങ്കിലും സബ് ടൈറ്റില്‍ ചെയ്യാം, മോഹന്‍ലാല്‍ പറയുന്നു. അതേസമയം ഡിസംബര്‍ 16 ന് ആണ് അവതാര്‍ 2 ന്‍റെ റിലീസ്.
ചിത്രം പിറവിയെടുത്തതിനെക്കുറിച്ച് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു- “ഞാനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു. 3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം.
അത് ചെയ്യാന്‍ പറ്റുന്ന കാര്യം ആയിരുന്നു. പക്ഷേ ചെലവ് വളരെയധികമായിരുന്നു. പിന്നെ നാടകം അവതരിപ്പിക്കുന്ന സ്ഥലത്തേക്കൊക്കെ ഒരുപാട് ഉപകരണങ്ങള്‍ കൊണ്ടുപോവേണ്ടിയിരുന്നു. ആ സമയത്താണ് ജിജോ ഇങ്ങനെയൊരു നോവലിനെക്കുറിച്ചും അതിന്‍റെ സിനിമാ സാധ്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്.
ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് അത് താല്‍പര്യമില്ലായിരുന്നു. കഥയില്‍ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ ആയി രാജീവ് കുമാര്‍ എന്നെ സഹായിക്കാന്‍ വന്നു”, മോഹന്‍ലാല്‍ പറഞ്ഞിരുന്നു.