മുടക്കിയത് 150 കോടി? ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു, ‘ബറോസ്’ ആകെ നേടിയത് ഈ തുക
കൊച്ചി:മലയാളികളുടെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഇതായിരുന്നു ബറോസ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടകം. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുമായി മോഹൻലാൽ ഒരുക്കിയ ചിത്രത്തിന് വൻ ഹൈപ്പും ആരാധകരിൽ ഉയർത്തിയിരുന്നു. എന്നാൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കഥമാറി. നെഗറ്റീവ് കമന്റുകൾ ആയിരുന്നു ഏറെയും വന്നത്.
നിലവിൽ തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ് ബറോസ്. ഈ അവസരത്തിൽ സിനിമയുടെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷനുകളും പുറത്തുവരികയാണ്. ആഗോളതലത്തിൽ 18.2 കോടിയാണ് ബറോസ് നേടിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഓവർ സീസിൽ നിന്നും 5.7 കോടി നേടിയ ചിത്രത്തിന് 11 കോടിയാണ് കേരളത്തിൽ നിന്നും നേടാനായതെന്നും മൂവി പ്ലാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യദിനം 3.6 കോടിയാണ് ബറേസ് കളക്ട് ചെയ്തിരുന്നത്.
കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ബറോസ്. പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ എഴുതിയത് ജിജോ പുന്നൂസ് ആയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ബറോസ് നിർമിച്ചത്. മോഹൻലാലിനൊപ്പം മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം തുടങ്ങി നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ ഭാഗമായി.
അതേസമയം, ബറോസിന്റെ ബജറ്റ് 150 കോടിയാണെന്നാണ് നേരത്തെ അണിയറ പ്രവർത്തകരിൽ ഒരാൾ പറഞ്ഞിരുന്നത്. ജനുവരി 22 മുതലാണ് ബറോസ് ഒടിടിയിൽ എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയത്. തുടരും, എമ്പുരാന്‍, കണ്ണപ്പ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് തയ്യാറെടുക്കുന്നത്.