പ്രതീക്ഷിക്കാതെ കൊവിഡ് (covid) പിടികൂടിയ അനുഭവം പങ്കുവയ്ക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ ശിൽപ (shilpa). മാസ്ക് (mask) പോലും ധരിക്കാതെ ബാങ്കിലെത്തുന്നവരെ കുറിച്ചാണ് ശിൽപ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
‘ഇനിയും ജീവിക്കാൻ വേണ്ടി ഉള്ള ആശ കൊണ്ട് ചോദിക്കുവാ: അതി ധൈര്യശാലികളായ നിങ്ങൾക്ക് വേണ്ടി അല്ലാതെ, ഞങ്ങൾക്ക് വേണ്ടി, ഞങ്ങളെ പോലത്തെ പേടിത്തൊണ്ടർക്ക് വേണ്ടി മാത്രം മാസ്ക് ഇടാൻ പറ്റുമോ? സാമൂഹിക അകലം പാലിക്കാൻ പറ്റുമോ? അത്ര അത്യാവശ്യ കാര്യമല്ലെങ്കിൽ വീട്ടിൽ ഇരിയ്ക്കാൻ എങ്കിലും പറ്റുമോ?’- ശിൽപ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….
രണ്ട് വർഷമായി തമ്മിൽ പിടികൊടുക്കാതെ അവനും ഞാനും തമ്മിൽ കളിച്ച ഒളിച്ചു കളിയ്ക്ക് വിരാമമിട്ടത് കഴിഞ്ഞയാഴ്ച്ച ആണ്.
അതേ, അല്ലെങ്കിലേ പോസിറ്റീവ് ആയ ഞാൻ കോവിഡ് പോസിറ്റീവ് കൂടി ആയി. “എവിടുന്ന്? എങ്ങനെ?എപ്പോൾ? ” ഒരു പിടിയും കിട്ടുന്നില്ല.
ഞാൻ ഒത്തിരി ശ്രെദ്ധിച്ചിരുന്നല്ലോ. മാസ്ക് ഇടാതെ പുറത്തിറങ്ങിയിട്ടേ ഇല്ലാലോ. ബ്രാഞ്ചിൽ വെച്ച് ഓരോ കസ്റ്റമർ വന്നു പോകുമ്പോഴും എന്റെ കൈ ഒരു ശീലമെന്നപോലെ സാനിറ്റൈസറിലോട്ട് നീളുമായിരുന്നല്ലോ.വീട്ടിൽ എത്തിയിട്ട് ആണെങ്കിലോ, കുളിക്കാതെ, ഇട്ടിരുന്ന വസ്ത്രം കഴുകി ഇടാതെ,കൊണ്ടുപോയ ബാഗും ഫോണും ഒക്കെ സാനിറ്റൈസ് ചെയ്യാതെ,ഓടി അടുയ്ക്കലേയ്ക്ക് വരുന്ന കുഞ്ഞുങ്ങളെ ഒന്ന് നോക്കാറുപോലുമില്ലായിരുന്നല്ലോ . എന്നിട്ടും.. എപ്പോഴോ കോവിഡിന് ഞാനും അടിയറവ് പറഞ്ഞു.
അതേ അടിയറവ് പറയാതെ പറ്റില്ലാലോ ഞാനും പോരാളിയല്ലേ. ഒരിടത്തും ആരും സൂചിപ്പിച്ചു പോലും കാണാത്ത, മനപ്പൂർവ്വമോ അല്ലാതെയോ മറന്നു കളയുന്ന, ഒരു മുൻഗണനാക്രമത്തിലും ഉൾപ്പെടാത്ത ‘ബാങ്കർ ‘ എന്ന കാറ്റഗറിയിൽ ആണല്ലോ ഞാൻ ഉൾപ്പെടുന്നത്..പേരില്ലാത്ത പോരാളി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയിട്ടും,പൊതു സമൂഹവുമായി നേരിട്ടും അല്ലാതെയും ദിനം പ്രതി ഇത്രയേറെ ഇടപാടുകൾ നടത്തുന്ന ഒരു വിഭാഗമായിട്ടും ഒരിയ്ക്കലും ആരും തന്നെ കോവിഡ് മുന്നളി പോരാളികൾ എന്ന് ഞങ്ങളെ വിളിച്ചു കണ്ടിട്ടില്ല. പിന്നെ മുന്നിൽ ആയാലും പിന്നിൽ ആയാലും പോരാളി എന്നും പോരാളി തന്നെ അളിയാ എന്നും പറഞ്ഞു ഞങ്ങൾ സ്വയം അങ്ങ് സമാധാനിയ്ക്കും.ചെയ്യുന്ന ജോലി കുറച്ചേറെ ആത്മാർഥമായിട്ടങ്ങു ചെയ്യും. എന്നിട്ടും കേൾക്കാനുള്ള പഴി ഒക്കെ കേൾക്കും.
നോട്ട് നിരോധിച്ചപ്പോഴും , ഇന്ത്യയിൽ നിലവിലുള്ള എല്ലാ സാമൂഹിക ക്ഷേമ സ്കീമുകളും ബാങ്കുകളിൽ കൂടി നടപ്പിലാക്കുമ്പോഴും, പെൻഷൻ ദിവസവും,മറ്റും മാത്രം എല്ലാവരും ഓർക്കുന്ന ഞങ്ങളെ പലപ്പോഴും സ്വയം രേഖപ്പെടുത്താൻ, ചെയ്യുന്ന ജോലിയുടെ കണക്കു പറയാൻ, സ്വന്തം ഗുണ ഗണങ്ങൾ അക്കമിട്ട് രേഖപ്പെടുത്തി കയ്യടി വാങ്ങാൻ ഒന്നും ഞങ്ങൾക്കു പറ്റാറില്ല. സത്യത്തിൽ ഈ യുഗത്തിലെ ‘അടിമക്കണ്ണുകൾ ‘എന്ന് വീട്ടുകാരിൽ പലരും ഒളിച്ചും തെളിച്ചും വിളിച്ചു വരെ തുടങ്ങി.
നാട്ടുകാർക്ക് ഞങ്ങൾ ഇപ്പോഴും പത്തുമണി തൊട്ട് അഞ്ചുമണി വരെ മാത്രം ജോലി ചെയ്യുന്നവരാണ്. ജോലിയ്ക്ക് കയറി ഇന്നുവരെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാത്തത് കൊണ്ട് പത്തു തൊട്ട് അഞ്ചുവരെ ഉള്ള ബാങ്ക് ജോലി എനിയ്ക്കൊക്കെ ഇപ്പോഴും കേട്ട് കേൾവി മാത്രമാണ്. ശെരിക്കും അങ്ങനെ ഒന്നുണ്ടോ? സത്യമോ മിഥ്യയോ? ഇനി ആൾക്കാർക്ക് തോന്നുന്നതാകുമോ? ആർക്കറിയാം
കോവിഡിനെ കുറിച്ച് പറഞ്ഞു പറഞ്ഞു ഞാനിതിപ്പോ എവിടെയാ എത്തി നിൽക്കണേ എന്റെ ദ്രാവിഡേ….ബാങ്കിൽ ജോലി ചെയ്യുന്നതിന്റെ ഓരോരോ ശീലക്കെടുകൾ ആണ് . പറഞ്ഞു പറഞ്ഞങ്ങു കാടു കേറും.ഒരു പ്രോഡക്റ്റിൽ നിന്ന് മറ്റൊന്നിലേക്ക് ചാഞ്ചാടി, കുട്ടിക്കരണം മറിഞ്ഞു വന്നു പല്ലിളിച്ചു കൊണ്ട് നിൽക്കും. നമ്മുടെ പഴയ ആ കുരങ്ങനില്ലേ? ‘ചാടി കളിക്കെടാ കുട്ടി രാമാ ” എന്ന് പറയുമ്പോൾ ചാടി വന്നു യജമാനനെയും കാഴ്ചക്കാരനെയും തൃപ്തിപ്പെടുത്താനായി ജീവൻ പണയം വെച്ച് സർക്കസ് കളിക്കുന്ന നാടോടിയുടെ കയ്യിലെ കുരങ്ങൻ?അവനെ പോലെ.
ഞങ്ങളും അങ്ങനെ തന്നെ.. ‘ചാവേറുകൾ’.എന്നാൽ മരിച്ചാൽ പോലും ഒരിടത്തും പൊരുതി മരിച്ചെന്നു പേരെഴുതി വരാത്തവർ. ജീവനോടെ ഇരിയ്ക്കുമ്പോഴും പരാതി മാത്രം കേൾക്കാൻ വിധിയ്ക്കപ്പെട്ടവർ!!
എന്ത് ചെയ്യാം ഞങ്ങൾ അങ്ങനെ ഒക്കെ ആയിപോയി.പണി എടുക്കുവാൻ ഇരുപത്തി നാലു മണിക്കൂർ തികയാത്തവർ.
സമരത്തിന് പോകും മുൻപ് പോലും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിയ്ക്കാൻ എടിഎം വരെ നിറച്ചിട്ട് പോകുന്നവർ.എന്നിട്ടും മാധ്യമവിചാരണയ്ക്ക് പാത്രമാവേണ്ടി വരുന്നവർ.കഴിച്ചിട്ട് എല്ലിനിടയിൽ കേറിയിട്ടുള്ള കുത്തുകൊണ്ടാണ് ഇവരൊക്കെ സമരത്തിന് ഇറങ്ങുന്നതെന്നു പൊതുജനങ്ങൾ തന്നെ കുറ്റപ്പെടുത്തുന്നതും കേൾക്കേണ്ടി വരുന്നവർ.
ഈ കോവിഡ് കാലത്തും ഈ പറഞ്ഞ കാര്യങ്ങൾക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല. അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാൻ പറഞ്ഞാൽ ജനങ്ങൾക്ക് പിന്നെ അത്യാവശ്യം മാത്രമേയുള്ളു. ഈ പറഞ്ഞ അത്യാവശ്യക്കാരെല്ലാം കൂടി അത്യാവശ്യപ്പെട്ടു പാഞ്ഞെത്തുന്നിടം ആണ് ബാങ്ക്. ഇന്നത്തെ കാലത്ത് ഏറെക്കുറെ എല്ലാവിധ ബാങ്കിംഗ് ട്രാന്സാക്ഷൻസും വീട്ടിൽ ഇരുന്നു മൊബൈൽ വഴി തന്നെ ചെയ്യാമെന്ന് ഇരിക്കലും, ബാങ്കിൽ വന്നു ഒന്ന് പാസ്ബുക്ക് പ്രിന്റ് ചെയ്തില്ലെങ്കിൽ ഉറക്കമില്ലാത്തവരെ കണ്ടിട്ടുണ്ട്. അവര്ക്കായി മൊബൈലിൽ തന്നെ പാസ്ബുക്ക് നോല്ക്കാൻ പറ്റുന്ന ബാങ്കിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊടുത്ത് , അവർക്ക് ഇഷ്ടമുള്ള പാസ്സ്‌വേർഡ് സെറ്റ് ചെയ്ത് അക്കൗണ്ടിന്റെ ബാലൻസ് കാണിച്ചു കൊടുക്കും. ഇനി അടുത്ത തവണത്തെ വരവെങ്കിലും ഒഴിവാക്കാമല്ലോ എന്നോർത്ത്. എവിടുന്ന്!!ആ മൊബൈലിൽ കാണിച്ച ബാലൻസ് ബുക്കിൽ കൂടി പതിപ്പിച്ചു തരാൻ പറഞ്ഞു കൊണ്ട് തന്നെ അവരൊക്കെ വീണ്ടും വരും.
ഇവിടെ ഒക്കെ ആണെങ്കിൽ വെറുതേ ഒരു വരവ് വരുന്നവരല്ല ഈ കൂട്ടർ . മിക്കവര്ക്കും മാസ്ക് പോലും കാണില്ല. മാസ്കില്ലാതെ ബാങ്കിനുള്ളിൽ എൻട്രി നിഷിദ്ധം എന്ന ബോർഡ് കാണാത്തത് പോലെ മുൻപിൽ വന്ന് രണ്ട് നല്ല കാച്ചി കുറുക്കിയ ചുമ ചുമച്ചോണ്ടങ്ങു നിൽക്കും. ആഹാ.. അന്തസ്സ്!!
മാസ്കെവിടെ എന്ന് ചോദിച്ചാൽ, അവരുടെ സ്വത്തിൽ പകുതി ചോദിച്ചതെന്ന പോലെ ഒരു ഭാവം മുഖത്ത് വരുത്തി കർചീഫ് എടുത്ത് മുഖത്ത് കെട്ടും. ഇതിൽ കൂടുതൽ ഇനി എന്ത് വേണം!! കൂടെ “കോവിഡ് ഒന്നും എനിക്ക് വരൂല” എന്നൊരു ഡയലോഗും..
അതേ കോവിഡിനറിയാലോ കർചീഫ് ഇട്ടു കെട്ടിയ മുഖം കാണുമ്പോൾ വന്ന വഴി തിരിച്ചു പോകാൻ. ശരിയാണ്,നിങ്ങൾക്ക് ഒന്നും കോവിഡ് വരില്ലായിരിക്കും. അൾട്രാ പവർഫുൾ ആയിരിക്കാം. സ്വന്തം ശാരീരിക ക്ഷമതയിൽ അത്രയേറെ കോൺഫിഡൻസ് ഉള്ളവരായിരിക്കാം, എന്നാൽ ഞങ്ങൾ ഒന്നും അങ്ങനെ അല്ലാ.. ഈ പറയുന്ന കോൺഫിഡൻസ് ഒന്നുമില്ല. ജീവനോടെ ഇരിക്കാൻ കൊതിയുള്ള,നമ്മള് കാരണം മറ്റുള്ളവർക്ക് ഒരു ഉപദ്രവം ഉണ്ടാവരുതെന്നു കരുതുന്ന,എടുത്തിരിയ്ക്കുന്ന ലോൺ ഒക്കെ തിരിച്ചടയ്ക്കാനുള്ള കാലത്തോളം ജോലിയും ജീവനും കാത്തോളണേന്ന് പ്രാർത്ഥിക്കുന്ന, ദുർബല ഹൃദയരും ഭയവിഹ്വലരും ആണ്. രണ്ട് വർഷമായി ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ കുഞ്ഞുങ്ങളെ പോലും പേടിയോടെ മാത്രം ചേർത്ത് പിടിയ്ക്കുന്നവർ ആണ്..
ഇനിയും ജീവിയ്ക്കാൻ വേണ്ടി ഉള്ള ആശ കൊണ്ട് ചോദിയ്ക്കുവാ: അതി ധൈര്യശാലികളായ നിങ്ങൾക്ക് വേണ്ടി അല്ലാതെ,ഞങ്ങൾക്ക് വേണ്ടി, ഞങ്ങളെ പോലത്തെ പേടിത്തൊണ്ടർക്ക് വേണ്ടി മാത്രം മാസ്ക് ഇടാൻ പറ്റുമോ? സാമൂഹിക അകലം പാലിക്കാൻ പറ്റുമോ?അത്ര അത്യാവശ്യ കാര്യമല്ലെങ്കിൽ വീട്ടിൽ ഇരിയ്ക്കാൻ എങ്കിലും പറ്റുമോ?
എന്ന്
സാധാരണക്കാരിൽ സാധാരണക്കാരിയായ, യാതൊരു സൂപ്പർ പവറുമില്ലാത്ത സ്വയം “കോവിഡ് വാറിയർ “എന്ന് വിളിയ്ക്കുന്ന, അങ്ങനെ ഒരാളും ഇന്ന് വരെ വിളിയ്ക്കാത്ത, കോവിഡ് ഫ്രന്റ്ലൈൻ വർക്കേഴ്സ് ലിസ്റ്റിൽ ഒരിടത്തും ‘പേരില്ലാത്ത ‘, ആരാലും പ്രകീർത്തിയ്ക്കപ്പെടാത്ത ഒരു പാവം ബാങ്കർ
ഒപ്പ്
ശില്പ വസന്ത ശശി