മലിനീകരണം ഉണ്ടാകാതെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു തരാം; സുപ്രീം കോടതിയല്‍ ഹര്‍ജിയുമായി ബംഗളൂരു ആസ്ഥാനമായ കമ്പനി
ന്യൂഡല്‍ഹി: മലിനീകരണം ഉണ്ടാക്കാത്ത തരത്തില്‍ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാമെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ച് ബംഗളൂരു ആസ്ഥാനമായുള്ള അക്യുറേറ്റ് ഡിമോളിഷേഴ്സ് കമ്പനി. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ തുടങ്ങാമെന്നും കമ്പനി കോടതിയെ അറിയിച്ചു. രണ്ട് മാസം കൊണ്ട് ഫ്ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കാമെന്നാണ് കമ്പനി നല്‍കിയ ഹര്‍ജില്‍ പറയുന്നത്.
30 കോടി രൂപയാണ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് കമ്പനി ചെലവ് പ്രതീക്ഷിക്കുന്നത്. മലിനീകരണം ഉണ്ടാവില്ലെന്നും കമ്പനി കോടതിയില്‍ അറിയിച്ചു. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്നും കമ്പനി നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ 13 കമ്പനികള്‍ സമീപിച്ചതായി നഗരസഭ അറിയിച്ചിരുന്നു. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്.
സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളില്‍നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്.