ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ ഹസീന രാജ്യംവിട്ട് പലായനം ചെയ്തതിന് പിന്നാലെ ദേശീയ ക്രിക്കറ്റ് ടീം മുന്‍ നായകനും എംപിയുമായ മഷ്റഫെ മൊര്‍ത്താസയുടെ വീടിന് തീയിട്ട് ആക്രമികള്‍. ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിലെ നരെയ്ല്‍-2 മണ്ഡലത്തില്‍ നിന്നുള്ള എം പിയായ മൊര്‍ത്താസ പൊതു തെരഞ്ഞഎടുപ്പില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്.
അക്രമികള്‍ മൊര്‍ത്താസയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്ന് ബംഗ്ലാദേശി മാധ്യമമായ ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ മൊര്‍ത്താസ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. അക്രമികള്‍ അവാമി ലീഗിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസും പാര്‍ട്ടി പ്രസിഡന്‍റ് സുഭാഷ് ചന്ദ്ര ബോസിന്‍റെ വസതിയും തീയിട്ട് നശിപ്പിച്ചു. ആഭ്യന്തര കലാപം രൂക്ഷമായതോടെ രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്കും പ്രക്ഷോഭകാരികള്‍ അതിക്രമിച്ചു കയറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലെ ടിവിയും, ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പ്രക്ഷോഭകാരികള്‍ എടുത്തുകൊണ്ടുപോയി.
ബംഗ്ലാദേശിന്‍റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ മഷ്‌റഫെ മൊര്‍ത്താസ 2020ലാണ് ദേശീയ ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞത്. അതേവര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 40കാരനായ മൊര്‍ത്താസ ബംഗ്ലാദേശിനായി 220 ഏകദിനങ്ങളില്‍ നിന്ന് 270 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 54 ടി20 മത്സരങ്ങളില്‍ 42 വിക്കറ്റുകളും മൊര്‍ത്താസ നേടി.മൊര്‍ത്താസയ്ക്ക് കീഴില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ പരമ്പര സ്വന്തമാക്കിയിരുന്നു ബംഗ്ലാദേശ്. ഒരു തവണ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിലേക്കും യോഗ്യത നേടി. ഒരു തവണ ഏഷ്യാകപ്പ് ഫൈനലും കളിച്ചു.