കളമശേരിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ നഴ്‌സിംഗ് കോളേജ് ഉദ്യേഗസ്ഥയ്ക്ക് പരിക്ക്
കൊച്ചി: കളമശേരിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ നഴ്‌സിങ് കോളേജ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ബംഗാള്‍ സ്വദേശി രവി ഥാപ്പ (30) ആണ് പിടിയിലായത്. പള്ളിലാംകരയില്‍ കടയില്‍ കയറി ബഹളം വച്ച യുവാവിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. സമീപത്തെ നഴ്‌സിങ് കോളജിലെ ഹോസ്റ്റലില്‍ ഓടിക്കയറിയ യുവാവ് ഹൗസ്‌കീപ്പറെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഒളിക്കാന്‍ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പോലീസിനു കൈമാറി.
യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഹൗസ്‌കീപ്പര്‍ സുധര്‍മ്മയെ (58) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കണ്‍ട്രോള്‍ റൂം പോലീസാണ് യുവാവിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ പോലീസിനും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്കും പരാതി നല്‍കി.