ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുറാലി കാണാനെത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ട് നീക്കം ചെയ്യിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. റാലി കാണാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ടാണ് നീക്കം ചെയ്തത്.
കര്‍ണാടക മാണ്ഡ്യയില്‍ ഇന്നലെ നടന്ന പൊതുറാലിക്കിടെയായിരുന്നു സംഭവം. കുട്ടിയെ പൊലീസ് തടഞ്ഞു നിര്‍ത്തി ധരിച്ചിരുന്ന കറുത്ത നിറത്തിലുള്ള മേല്‍വസ്ത്രം അഴിച്ച് നീക്കം ചെയ്യാന്‍ അമ്മയോട് നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിര്‍ദേശമനുസരിച്ച് കുട്ടി ധരിച്ചിരുന്ന കറുത്ത വസ്ത്രം അമ്മ നീക്കം ചെയ്തു. തുടര്‍ന്ന് മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്ക് ശേഷം റാലി നടക്കുന്ന പരിസരത്തേക്ക് കുട്ടിയുമായി പ്രവേശിച്ചു. അകത്ത് പ്രവേശിച്ച അമ്മ കുട്ടിയെ വീണ്ടും കറുത്ത വസ്ത്രം ധരിപ്പിച്ചു.
ഇത് ശ്രദ്ധയില്‍പ്പട്ട സുരക്ഷാ ഉദോഗസ്ഥര്‍ വീണ്ടും കുട്ടിയുടെ മേല്‍വസ്ത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളൂരു മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു മോദിയുടെ സന്ദര്‍ശനം. രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യംവെച്ചാണ് സന്ദര്‍ശനം നടത്തിയതെന്ന ആരോപണങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു.