അബുദബി: യുഎഇയിലെ എല്ലാ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മെയ് രണ്ട്, മൂന്ന് തീയതികളില്‍ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ നിർദേശം. രാജ്യത്തെ മോശം കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്നാണ് ഈ നീക്കം. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ജോലി സമയങ്ങളിൽ ഇളവ് നൽകാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കാലാവസ്ഥ കണക്കിലെടുത്ത് ജോലിസ്ഥലത്ത് സാന്നിധ്യം ആവശ്യമുള്ള ചില ഫെഡറൽ ജീവനക്കാരെ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘കാലാവസ്ഥാ വ്യതിയാനങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ നിലനിർത്തുന്നതിന് ആവശ്യമായ ആരോഗ്യ സുരക്ഷാ നടപടികളും മുൻകരുതലും സ്വീകരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുന്നു’, മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു.
ഇന്ന് വൈകുന്നേരം മുതൽ രണ്ട് ദിവസത്തേക്ക് ഇടത്തരം മുതൽ കനത്ത മഴയ്ക്ക് വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ യുഎഇ മീഡിയ ഓഫീസ് എല്ലാ സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. യുഎഇ വിമാനക്കമ്പനികൾ യാത്രക്കാർക്കായി ഉപദേശങ്ങൾ പുറപ്പെടുവിച്ചു. ഫ്ലൈറ്റുകൾ കാലതാമസത്തെക്കുറിച്ച് അറിയിച്ചു. രാജ്യത്തുടനീളമുള്ള സ്കൂളുകളും അടുത്ത രണ്ട് ദിവസത്തേക്ക് ഓൺലൈൻ പഠനത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായിലേയും ഷാർജയിലേയും എല്ലാ സ്വകാര്യ സ്കൂളുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺലൈൻ പഠനത്തിന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിയും മിന്നലും ഉണ്ടാകുമെന്ന പ്രവചനത്തിന് പിന്നാലെയാണ് പ്രഖ്യാപനം.
‘രാജ്യത്ത് മോശം കാലാവസ്ഥ പ്രവചിക്കപ്പെട്ടതിനാൽ, ദുബായിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും സർവകലാശാലകളും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓൺലൈൻ പഠനം നടത്തണം’, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി എക്‌സിൽ കുറിച്ചു.
അതേസമയം, വരാനിരിക്കുന്ന കാലാവസ്ഥ ഏപ്രിൽ 16 ന് ഉണ്ടായ മഴയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എൻസിഎം വിദഗ്ധൻ പറഞ്ഞു. മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യത . ഇടയ്ക്കിടെ മിന്നലും ഇടിയും, ആലിപ്പഴം ഉണ്ടാകാൻ സാധ്യതയുമുണ്ട്. ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി തിങ്കളാഴ്ച അസ്ഥിരമായ കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പ് പ്രഖ്യാപിച്ചിരുന്നു. യോഗങ്ങളിൽ ഈ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും സന്നദ്ധതയെക്കുറിച്ചും ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നു.