KeralaNews

വന്ദേ ഭാരത് യാത്രയ്ക്കിടയിൽ ലഭിച്ചത് പുഴുവരിച്ച ഭക്ഷണം; പരാതിയുമായി യാത്രക്കാരൻ രംഗത്ത്

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിൽ മോശം നിലവാരത്തിലുള്ള ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതിയുമായി യാത്രക്കാരൻ രംഗത്ത്. വന്ദേ ഭാരതിൽ തിങ്കളാഴ്ച യാത്ര ചെയ്യുന്നതിനിടയിൽ പുഴുവരിച്ച ഭക്ഷണം ലഭിച്ചു എന്നാണ് പരാതി. വന്ദേ ഭാരതിൽ കണ്ണൂരിൽ നിന്ന് കാസർകോടേയ്ക്ക് ഇ-വൺ സഞ്ചരിച്ച യാത്രികനാണ് ദുരനുഭവമുണ്ടായത്.

ട്രെയിനില്‍ വിതരണം ചെയ്ത പെറോട്ടയിൽ നിന്ന് പുഴുവിനെ ലഭിച്ചതായാണ് പരാതിക്കാരൻ അറിയിക്കുന്നത്. പെറോട്ടയിൽ പുഴുവരിക്കുന്നതായി യാത്രക്കാർ കാണിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തു വന്നിരുന്നു. ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതായി ട്രെയിൻ കണ്ണൂരിലെത്തിയ ഉടനെ തന്നെ യാത്രക്കാരൻ പരാതിപ്പെട്ടു. കാസർകോട് റെയിൽവേ സൂപ്രണ്ടിനാണ് പരാതി നൽകിയത്. പരാതി പാലക്കാട് റെയിൽവേ ഡിവിഷൻ കൈമാറിയതായാണ് വിവരം.

കൃത്യസമത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ചു വേണ്ട മാറ്റം വരുത്തും. ഒരാഴ്ച കൂടി ട്രെയിന്റെ ഓട്ടം വിലയിരുത്തിയ ശേഷം ഇടസ്റ്റേഷനുകളിലെ സമയം പുനഃക്രമീകരിക്കും. ചില സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിൽ കൂടുതൽ ട്രെയിൻ നിൽക്കുന്നതും തുടരെയുള്ള വേഗനിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വന്ദേഭാരതിന്റെ ഓട്ടത്തെ ബാധിക്കുന്നുണ്ട്. 

2 മിനിറ്റ് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ 5 മുതൽ 12 മിനിറ്റ് വരെയാണു ട്രെയിൻ നിൽക്കുന്നത്. കാസർകോട് സമയത്ത് എത്തുന്നുണ്ടെങ്കിലും ഇടയ്ക്കുള്ള സ്റ്റേഷനുകളിലാണു കൃത്യസമയം പാലിക്കാത്തത്. ഓട്ടമാറ്റിക് ഡോറുകൾ ആളുകൾക്കു പരിചിതമല്ലാത്തതും ഭക്ഷണം ലോഡ് ചെയ്യാൻ കൂടുതൽ സമയം എടുക്കുന്നതും ട്രെയിൻ വൈകാനിടയാക്കുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണു സമയം നഷ്ടം കൂടുതലും. ഇതിനു പ്രധാന കാരണം ട്രാക്ക് നവീകരണവുമായി ഏർപ്പെടുത്തിയിട്ടുള്ള വേഗനിയന്ത്രണങ്ങളാണ്. ഇരുദിശയിലുമായി 34 വേഗനിയന്ത്രണങ്ങളാണുള്ളത്.  

എറണാകുളം മാർഷലിങ് യാഡിനു സമീപം 2 കിലോമീറ്ററോളം തുടർച്ചയായി വേഗ നിയന്ത്രണങ്ങളുണ്ട്. ഇത് വന്ദേഭാരതിന്റെ ഓട്ടത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഷൊർണൂരിലും സമാനമായ പ്രശ്നമുണ്ടെങ്കിലും പരിഹാരം എളുപ്പമല്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.

വന്ദേഭാരത് ട്രെയിനിന് മലപ്പുറം തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരൂർ സ്വദേശിയായ അഭിഭാഷകൻ പി.ടി. ഷീജിഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതു റെയിൽവേയുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും സ്റ്റോപ്പ് അനുവദിക്കുന്നതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

സ്റ്റോപ്പ് തീരുമാനിക്കുന്നത് റെയിൽവേയാണെന്നും നിശ്ചിത സ്റ്റോപ്പിൽ ട്രെയിൻ നിർത്തണമെന്ന് ആവശ്യപ്പെടാൻ വ്യക്തികൾക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. എല്ലാ ജില്ലകളിലുമുള്ളവർ ഇഷ്ടത്തിന് അനുസരിച്ച് സ്റ്റോപ്പ് ആവശ്യപ്പെട്ടാൽ ഹൈ സ്പീഡ് ട്രെയിനുകൾ ആരംഭിക്കുന്നതിന്റെ ലക്ഷ്യം തന്നെ നഷ്ടപ്പെടും.

വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ അന്വേഷണം ശക്തമാക്കി ആർപിഎഫും പൊലീസും. പരപ്പനങ്ങാടിക്കും താനൂരിനുമിടയിലാണ് കല്ലേറുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിങ്കളാഴ്ച വൈകിട്ട് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിനിന്റെ സി4 കോച്ചിലെ ജനൽച്ചില്ലിൽ കല്ല് പതിച്ചത്.

കല്ലേറുണ്ടായി മിനിറ്റുകൾക്കകം ട്രെയിനിലെ ഒരു യാത്രക്കാരൻ പൊട്ടിയ ചില്ലിന്റെ വിഡിയോ തന്റെ ഫോണിൽ ചിത്രീകരിച്ചത് അന്വേഷണ സംഘത്തിനു ലഭിച്ചു. വൈകിട്ട് 5 മണിക്കാണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നു സംഘം മനസ്സിലാക്കി. ഇതോടെ കല്ലേറുണ്ടായത് തിരൂർ എത്തുന്നതിനു മുൻപാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button