കൊച്ചി:വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് ഹാസ്യ നടനായും നായകനായും സഹനടനായുമെല്ലാം തിളങ്ങി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ബാബുരാജ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ഥിരം വില്ലന്‍ വേഷങ്ങളിൽ നിന്ന് കോമഡിയിലേക്ക് ചുവടുമാറ്റിയതോടെയാണ് ബാബുരാജ് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. അതോടെയാണ് നടന്റെ കരിയറിലും വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്.
ഇന്ന് മലയാള സിനിമയിലെ സജീവസാന്നിധ്യമാണ് ബാബുരാജ്. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളുമാണ്. കഴിഞ്ഞ 25 വർഷത്തിലേറെയായി സിനിമയിൽ സജീവമായി നിൽക്കുന്ന നടന് സിനിമയ്ക്കകത്ത് നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട് ബാബുരാജ്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ.
തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെയാണ് അദ്ദേഹം ഏതൊരു ആർട്ടിസ്റ്റിനെയും കൊണ്ടുനടക്കുന്നതെന്ന് ബാബുരാജ് പറയുന്നു. അങ്ങനെ അദ്ദേഹം കൊണ്ട് നടന്ന ഒരാളാണ് താനെന്നും അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവുമുണ്ടെന്നും ബാബുരാജ് പറഞ്ഞു. കൗമുദി മുവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയുടെ പ്രായമൊക്കെ വിടു. അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം കണ്ടുപഠിക്കേണ്ടതാണ്. ഈ ഒരു സമയത്തും അദ്ദേഹം കറക്ടായി ശരീരം നോക്കും, വ്യായാമം ചെയ്യും, ഭക്ഷണം കറക്ടായി കഴിക്കും. അതൊക്കെ സിനിമയോടുള്ള ഭ്രാന്തുകൊണ്ടാണ്. അദ്ദേഹം ഭയങ്കരമായി സപ്പോർട്ട് ചെയ്യും ഒരു പരിധി വരെ. അതായത് സ്വന്തം ചിറകിലാകുന്നത് വരെ തള്ള കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആർട്ടിസ്റ്റിനെയും അദ്ദേഹം കൊണ്ടുനടക്കും. അയാൾ ഒരു നിലയ്ക്കയാൽ പിന്നെ ആവശ്യമില്ലലോ. അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നാൽ മാത്രം മതി’,
‘അങ്ങനെ അദ്ദേഹം കൊണ്ട് നടന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവുമുണ്ട്. അദ്ദേഹത്തെ കണ്ട് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എങ്ങനെയാകണം സിനിമ, എത്രത്തോളം വേണം, എല്ലാ കാര്യങ്ങളും അദ്ദേഹത്തെ കണ്ടുപഠിക്കാനുണ്ട്. സിനിമയിൽ ജാഡ വേണം, അഹങ്കാരം വേണം, സിനിമയിൽ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കിൽ മമ്മൂക്കയെ കണ്ട് പഠിക്കണം. അതുപോലെ തന്നെ സിനിമയിൽ എന്താവരുത് എന്നൊക്കെയുള്ളതും മമ്മൂക്കയെ കണ്ട് പഠിക്കണം’, ബാബു രാജ് പറഞ്ഞു.
മോഹൻലാലിനെ കുറിച്ചും ദിലീപിനെ കുറിച്ചും ബാബുരാജ് വാചാലനായി. ‘മോഹൻലാൽ സഹോദരനെ പോലെയാണ്. എല്ലാവർക്കും അവരുടേതായ ഫ്രീഡം നൽകും. നമ്മൾ ഒരു കാര്യം പറഞ്ഞാൽ, ആ നീ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പറയും. ഒരിക്കലും ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല. കണ്ടു പഠിക്കേണ്ട വ്യക്തിത്വമാണ്. വർക്കിലൊക്കെ ഭയങ്കര ഡെഡിക്കേറ്റഡാണ്’ ബാബുരാജ് പറഞ്ഞു.
ദിലീപിനെ എനിക്ക് കുട്ടിക്കാലം മുതൽ അറിയുന്നതാണ്. ദിലീപ് എന്റെ നാട്ടുക്കാരനാണ്. പണ്ട് ഞാൻ ജിമ്മിൽ പോകുമ്പോഴൊക്കെ എന്റെ പുറകെ വന്നിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. ദിലീപ് മഹാരാജാസിൽ വന്നപ്പോൾ ദിലീപിന്റെ സീനിയർ ആയിരുന്നു ഞാൻ. സ്വന്തം പ്രയത്‌നം കൊണ്ടാണ് ദിലീപ്, ദിലീപ് ആയത്. ഒരു സിനിമയിൽ ചിരിക്കുള്ള സാധ്യത ഉണ്ടെങ്കിൽ അവിടെ അദ്ദേഹം അത് കൊണ്ടുവന്നിരിക്കും. വലിയ കഠിനാധ്വാനിയാണ്’, ബാബുരാജ് പറഞ്ഞു.