വി.ജെ.ടി ഹാള്‍ ഇനി അയ്യങ്കാളി ഹാള്‍,സുപ്രധാന തീരുമാനവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേരു മാറ്റുന്നു. അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റാനുള്ള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ് വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളെന്ന വിജെടി ഹാളിന്റെ പേരുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സത്രീ, ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് വരെ നവോത്ഥന മുന്നേറ്റം തുടരാന്‍ തന്നെയാണ് തീരുമാനം എന്നും മുഖ്യമന്ത്രി അറിയിച്ചു.
വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സ്മരണക്കാണ് തിരുവനന്തപുരത്ത് ടൗണ്‍ഹാള്‍ നിര്‍മ്മിച്ചത്. 1896 ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് പണികഴിപ്പിച്ച കെട്ടിടത്തിലായിരുന്നു തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭ പ്രവര്‍ത്തിച്ചിരുന്നത്. ഈ നിയമ നിര്‍മ്മാണ സഭയിലെ അംഗമായിരുന്നു അയ്യങ്കാളി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കെട്ടിടത്തിന് അയ്യങ്കാളി ഹാള്‍ എന്ന പേര് നല്‍കുന്നത്.