കൊച്ചി: കുടുക്ക് 2025 എന്ന സിനിമയ്ക്ക് വേണ്ടി ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമര്‍ശനവും സൈബര്‍ ആക്രമണവും നേരിടുന്ന നടിയാണ് ദുര്‍ഗ കൃഷ്ണ. ലിപ് ലോക് രംഗം അഭിനയിച്ചതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ നടി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വീഡിയോയും പങ്കുവെച്ചിരുന്നു.
കുടുക്ക് 2025ലെ മാരന്‍ എന്ന ഗാനത്തിലാണ് ലിപ് ലോക്ക് രംഗമുള്ളത്. ഗാനം പുറത്തുവന്നതിന് പിന്നാലെ ദുര്‍ഗയേയും ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രനും നേരെ അധിക്ഷേപം ഉയര്‍ന്നിരുന്നു.ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതിന് പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് സൈബര്‍ ബുള്ളിയിങ് നടത്തുന്നവരോട് വീഡിയോയിലൂടെ ദുര്‍ഗ ചോദിച്ചത്.
ദുര്‍ഗ കൃഷ്ണ ഇപ്പോള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒളവും തീരവും എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിനിമയില്‍ മോഹന്‍ലാലാണ് നായകന്‍. എം ടി വാസുദേവന്‍ നായരുടെ കഥയും തിരക്കഥയും അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിക്കുന്നത്.
നബീസ എന്ന കഥാപാത്രത്തെയാണ് ദുര്‍ഗ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും അവസാനം നവാഗത സംവിധായകന്‍ രതീഷ് രഘുനന്ദന്റെ ത്രില്ലര്‍ ചിത്രമായ ഉടലിലാണ് ദുര്‍ഗ അഭിനയിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വരാനിരിക്കുന്ന തന്റെ സിനിമകളെ കുറിച്ചും സൈബര്‍ ആക്രമണങ്ങളെ കുറിച്ചും ദുര്‍ഗ തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍. ‘ഓളവും തീരവും സിനിമയില്‍ ലാലേട്ടനൊപ്പമാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു എനിക്ക്.’
‘സന്തോഷ് ശിവന്‍ സാറിന്റെ ഫ്രെയിമില്‍ പ്രത്യക്ഷപ്പെടുക, പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ അഭിനയിക്കുക എന്നതും എല്ലാവരുടേയും സ്വപ്നമാണ്.”അതാണ് എനിക്ക് സാധിച്ച് കിട്ടിയിരിക്കുന്നത്. എം.ടി സാറിന്റെ തിരക്കഥയില്‍ പ്രതിഭകളെല്ലാവരും ഒന്നിക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.’
‘1960ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ വേര്‍ഷനില്‍ മധു സാര്‍ അവതരിപ്പിച്ച ബാപ്പുട്ടിയായി ലാലേട്ടനും നബീസയായി ഞാനും വേഷമിടുന്നു. ഉഷ നന്ദിനിയാണ് പഴയ വേര്‍ഷനില്‍ എന്റെ വേഷം ചെയ്തത്.”എന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ലാലേട്ടനുമായി ജോടിയാകാന്‍ കഴിഞ്ഞത് അത്ഭുതകരമാണ്. റാമില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഞാന്‍ അദ്ദേഹത്തിന്റെ സഹോദരിയായിട്ടാണ് അഭിനയിക്കുന്നത്.’
‘എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ പട്ടികയില്‍ ഉടലിലെ നെഗറ്റീവ് ഷേഡുള്ള ഷൈനിയും ഉള്‍പ്പെടുന്നു. ഇത്രയും ശക്തമായ ഒരു റോള്‍ ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ വേഷം ചെയ്തശേഷം എനിക്ക് കേരളത്തിലെ ഒരുമ്പട്ടവള്‍ എന്ന ഹാഷ്ടാഗും കൂടി ലഭിച്ചു.’
‘അത് ഒരു അഭിനന്ദനമായി ഞാന്‍ കാണുന്നു. കാരണം കഥാപാത്രം അത്രമേല്‍ പ്രേക്ഷകരെ സ്വാധീനിച്ചുവെന്നല്ലേ അതിനര്‍ഥം. ലിപ്ലോക്ക് അല്ലെങ്കില്‍ ഇന്റിമേറ്റ് സീന്‍ എന്നിവ കോമഡി സീന്‍, ആക്ഷന്‍ എന്നിവയെപ്പോലെ സര്‍വസാധാരണമായ ഒന്നാണ്.”അത് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ അത്തരം രംഗങ്ങില്‍ അഭിനയിക്കുമ്പോള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ ആവശ്യകത ഇന്നും മനസിലായിട്ടില്ല.’
‘കുടുക്കിലെ സോങ് പുറത്ത് വന്നശേഷമാണ് ലിപ്ലോക്ക് ചര്‍ച്ചയായത്. വിരോധാഭാസമെന്ന് പറയട്ടെ എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഞാന്‍ നേരിടുന്നുണ്ട് ഇപ്പോള്‍. ഞാന്‍ ചെയ്യേണ്ട വേഷങ്ങളും കഥാപാത്രങ്ങളും രംഗങ്ങളും എത്തരത്തിലുള്ളതായിരിക്കണമെന്ന് എന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു.’
‘ഞാന്‍ ഇന്‍രിമേറ്റ് സീന്‍, ലിപ് ലോക്ക് എന്നിവയില്‍ അഭിനയിക്കുന്നതില്‍ പ്രശ്‌നമുള്ളവര്‍ ആ രംഗം കാണാതിരിക്കുക. കാണുന്നതും കാണാതിരിക്കുന്നതും അവരുടെ അവകാശമാണ്.”ഞാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതുപോലെ എനിക്ക് ചെയ്യാന്‍ കഴിയുന്നതും ചെയ്യാന്‍ കഴിയാത്തതും ഞാനാണ് തീരുമാനിക്കുന്നത്’ ദുര്‍ഗ കൃഷ്ണ പറഞ്ഞു.