കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഗുണ്ടായിസം. രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്‌റ്റേഷനിലേയ്ക്കു പോകാൻ എത്തിയ യുവ മാധ്യമപ്രവർത്തകനു നേരെ ഓട്ടോഡ്രൈവർമാരുടെ ഗുണ്ടായിസം. കെ.എസ്.ആർ.ടിസി സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്‌റ്റേഷനിലേയ്ക്കു ഓട്ടം പോകാൻ നൂറ് രൂപ കൂലിയായി ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിന് ഇദ്ദേഹത്തെ മർദിക്കാൻ എത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിലായിരുന്നു നാടകീയ സംഭവങ്ങൾ. തിരുവനന്തപുരത്തു നിന്നും കെ.എസ്.ആർ.ടിസി ബസിലാണ് ഇദ്ദേഹം വന്നിറങ്ങിയത്. ഇദ്ദേഹത്തിന്റെ ബൈക്ക് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നതിനാൽ ഇവിടേയ്ക്കു പോകുന്നതിനായാണ് ഓട്ടോറിക്ഷ വിളിച്ചത്. ഓട്ടോ എടുക്കും മുൻപ് ഡ്രൈവറോട് എത്രരൂപയാണ് കൂലിയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്‌റ്റേഷനിലേയ്ക്കു പോകുന്നതിനു നൂറ് രൂപയാകുമെന്നായിരുന്നു മറുപടി. രണ്ടു കിലോമീറ്ററിൽ താഴെ ദൂരമല്ലേ ഉള്ളൂ ചേട്ടാ എന്നു മറുപടി പറഞ്ഞു കൊണ്ട് ഓട്ടോറിക്ഷയുടെ നമ്പരിലേയ്ക്ക് മാധ്യമപ്രവർത്തകൻ നോക്കി. ഇതോടെ ക്ഷുഭിതനായ ഓട്ടോഡ്രൈവർ ഇദ്ദേഹത്തെ മർദിക്കാൻ ഓടിയെത്തുകയായിരുന്നു. ഇതോടെ ഇദ്ദേഹം സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടു. പിന്നീട് മറ്റൊരു വാഹനത്തിൽ കയറിയാണ് റെയിൽവേ സ്റ്റേഷനിലേയ്ക്കു പോയത്.
അമിത കൂലി ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഓട്ടോഡ്രൈവർ മാധ്യമപ്രവർത്തകനെ പോലും ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് യുവ മാധ്യമപ്രവർത്തകൻ.