തിരുവനന്തപുരം: നഗരത്തില്‍ ഇനി ഓട്ടോക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കിക്കേണ്ടി വരില്ല . യാത്രയ്ക്കു ശേഷം അഭിപ്രായം രേഖപ്പെടുത്തി ഇരു കൂട്ടര്‍ക്കും ഹാപ്പിയായി പിരിയാം . അതിനവസരം ഒരുക്കുകയാണ് നഗരസഭയുടെ ഹേയ് ഓട്ടോ റേറ്റിംഗ് പദ്ധതി . ഫെബ്രുവരി 19 ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭ മെയിന്‍ ഓഫീസ് അങ്കണത്തില്‍ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും.നഗരത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതോടൊപ്പം തന്നെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം .
ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കുന്ന സേവനം വിലയിരുത്തി പോയിന്റ് അടിസ്ഥാനത്തില്‍ റേറ്റ് ചെയ്യാവുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത് . ഇതിനായി ഓപ്പണ്‍ സോഴ്‌സ് പ്‌ളാറ്റ്‌ഫോമില്‍ ഇന്ററാക്ടീവ് വെബ് പേജും , ഗൂഗിള്‍ പ്ലേ സ്റ്റോറുവഴി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഹേയ് ഓട്ടോ ആപ്പും സജ്ജമാക്കിയിട്ടുണ്ട് . ഓരോ ഡ്രൈവര്‍മാര്‍ക്കും നല്‍കുന്ന യൂണിക് ഐ ഡി കാര്‍ഡില്‍ നിന്നും ബാര്‍ക്കോഡ് , ക്യു ആര്‍ കോഡ് എന്നിവ റീഡ് ചെയ്ത് റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.
ഐ ഡി കാര്‍ഡ് ലഭ്യമാകുന്നതിനായി നഗരത്തിലോടുന്ന പെര്‍മിറ്റുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഡ്രൈവിംങ് ലൈസന്‍സ് , ലൈസന്‍സിന്റെ കോപ്പി , ഓട്ടോറിക്ഷാ പെര്‍മിറ്റ് കാര്‍ഡിന്റെ കോപ്പി എന്നിവയുമായി 19 . 02 . 2020 ന് 12 മണി മുതല്‍ നഗരസഭയില്‍ ഹാജരാകേണ്ടതാണ് . ലഭ്യമാകുന്ന ഐ ഡി കാര്‍ഡ് യാത്രക്കാര്‍ കാണുന്ന വിധത്തില്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
യാത്രക്കാര്‍ക്ക് പരാതി രേഖപ്പെടുത്താനുള്ള സൗകര്യവും ഇതുവഴി സജ്ജമാക്കിയിട്ടുണ്ട് . സിറ്റി ട്രാഫിക് പോലീസുമായി ചേര്‍ന്ന് ഇവ പരിഹരിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കും . – നഗരത്തിലെ ഓട്ടോറിക്ഷാ യാത്രക്കാര്‍ക്ക് സുഖയാത്ര ഒരുക്കുന്നതോടൊപ്പം ഓട്ടോ ഡ്രൈവര്‍മാരുടെ സേവനത്തെക്കുറിച്ച് നഗരസഭയെ അറിയിക്കുവാനുള്ള അവസരം കൂടിയാണ് ഈ പദ്ധതി . മികച്ച സേവനം നല്‍കുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് നഗരസഭ അവാര്‍ഡ് നല്‍കും. പദ്ധതി നടപ്പിലാകുന്നതോടെ പൂര്‍ണ്ണമായും ഓട്ടോ സൗഹൃദ നഗരമായി തിരുവനന്തപുരത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് നഗരസഭ ഭരണസമിതി പ്രതീക്ഷിക്കുന്നത്.