കോഴിക്കോട്: ഓട്ടോറിക്ഷ ഓടിക്കാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് കോഴിക്കോട് യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എലത്തൂര്‍ സ്വദേശി രാജേഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കാന്‍ ശ്രമിച്ച രാജേഷിനെ പലതടസ്സ വാദങ്ങളും ഉന്നയിച്ച് സി പി എം -സി ഐ ടി യു പ്രവര്‍ത്തകര്‍ ഓട്ടോ ഓടിക്കാന്‍ അനുവദിച്ചിരുന്നില്ല.
ഭീഷണി വകവെക്കാതെ ഓട്ടോ ഓടിച്ചതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ രാജേഷിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സി പി എം നേതാവും മുന്‍ വാര്‍ഡ് കൗണ്‍സിലറുമായ ശ്രീലേഷിന്റെ നേതൃത്വത്തില്‍ ആണ് അക്രമം നടന്നതെന്ന് രാജേഷിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സി പി എം സി ഐ ടി യു നേതാക്കള്‍ക്ക് മുന്നില്‍ വെച്ച് രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരിന്നു.
ചികിത്സയില്‍ ഉള്ള രാജേഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. രാജേഷിനെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദ്ദനത്തില്‍ രാജേഷിന്റെ വൃക്കയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.