24 C
Kottayam
Wednesday, May 15, 2024

ഇന്ത്യയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നവർ കുറ്റവാളികൾ, തടവും കനത്ത പിഴയും വിധിച്ച് ഓസ്ട്രേലിയ

Must read

സിഡ്നി:ഇന്ത്യയിൽ നിന്ന് മടങ്ങുന്ന സ്വന്തം പൗരൻമാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവർ അഞ്ചു വർഷം തടവിലാകുകയും കനത്ത പിഴയും നൽകേണ്ടി വരും. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരൻമാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്.

തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. മെയ് 3ന് ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നതിന് 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങിയ ആർക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

ഈ ആഴ്ച ആദ്യം ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പലരും മറ്റ് രാജ്യങ്ങൾ വഴി ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്.

ഇതാദ്യമായിട്ടാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവരെ ഓസ്ട്രേലിയ കുറ്റവാളികളാക്കുന്നതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 51000 ഡോളർ വരെയാണ് പിഴ ചുമത്തുക. ക്വാറന്റീനിൽ കഴിയാതെ മറ്റു രാജ്യങ്ങൾ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവർക്കാണ് വിലക്ക് ബാധിക്കുക.

ഇന്ത്യയിൽ കോവിഡ് ക്രമാധീതമായി വർധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്.

പൊതുജനാരോഗ്യത്തിന്റേയും ക്വാറന്റീൻ സംവിധാനങ്ങളുടേയും സമഗ്രത പരിരക്ഷിക്കപ്പെടേണ്ടത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 15 വരെയാണ് നിലവിലെ വിലക്ക്. 15-ന് സർക്കാർ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week