കോട്ടയം:അടുക്കള ചാരായ നിർമ്മാണ കേന്ദ്രമാക്കി മാറ്റി വൻ തോതിൽ ചാരായ വില്പന നടത്തി വന്ന യുവാവ് എക്സൈസ് പിടിയിലായി.
കോട്ടയം പയ്യപ്പാടി വെണ്ണിമല മൂല കുന്നേൽ ജോർജ് റപ്പേലിനെയാണ് (42) രണ്ട് ലിറ്റർ ചാരായവും, 300 ലിറ്റർ കോടയും, വാറ്റുപകരണങ്ങളുമായി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവുമാണ് ഇടപാടുകാരെന്ന നിലയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രണ്ട് വർഷമായി സ്വന്തം വീടിന്റെ അടുക്കളയിൽ പത്ത് ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് വൻ ചാരായം വാറ്റ് നടത്തുകയായിരുന്നു.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ഇയാളെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരീക്ഷിച്ചു വരുകയായിരുന്നു.
ഈ കഴിഞ്ഞ രണ്ട് ദിവസം ഡ്രൈ ഡേ ആയതിനാൽ വൻ വില്പന പ്രതീക്ഷിച്ച് ശർക്കരയും, പഞ്ചസാരയും , മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാൾ ശേഖരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. പിന്നീട് ഓട്ടോ റിക്ഷക്കാരന്റെ വേഷത്തിൽ എത്തിയ എക്സൈസ് സംഘത്തിന് ആളറിയാതെ തന്റെ ബൈക്കിലെത്തി ചാരായം കൊടുക്കുകയും പിടിയിലാവുകയുമായിരുന്നു
ഉടൻ തന്നെ ഇയാളുടെ വീട് പരിശോധിച്ചപ്പോൾ വീടിന്റെ അടുക്കളയിൽ നിന്നും ചാരായവും, ചാരായം വാറ്റുന്നതിനുള്ള കോടയും പ്രഷർ കുക്കറിനോട് ചേർന്ന് വാറ്റുപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നതും കണ്ടെടുത്തു.
ലിറ്ററിന് 800 രൂപ നിരക്കിലായിരുന്നു ഇയാൾ ചാരായം വിറ്റിരുന്നത്. ചാരായം വാറ്റുമ്പോൾ ഉള്ള ഗന്ധം അയൽക്കാർ അറിയാതിരിക്കുവാൻ ചന്ദനത്തിരി പുകയ്ക്കുക പതിവായിരുന്നു ആയതിനാൽ സമീപ വാസികൾക്ക് യാതൊരു സംശയവും ഇല്ലായിരുന്നു.
മറ്റുളളവരുടെ മുന്നിൽ മാന്യമായ പെരുമാറ്റവും ആയിരുന്നതിനാൽ നാളുകളായി ഇയാൾ പിടിക്കപ്പെട്ടിട്ടില്ലായിരുന്നു.
എക്സൈസ് കസ്റ്റഡിയിലിരിക്കുമ്പോഴും ഇയാളുടെ മൊബൈൽ ഫോണിലേക്ക് നിരവധി കോളുകൾ വന്നു കൊണ്ടിരുന്നു. ഇതിനാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.