27.8 C
Kottayam
Wednesday, May 29, 2024

എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

Must read

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. മുബാറക്കിനെ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളില്‍ നിന്ന് സ്‌കെയില്‍ പോലുള്ള വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില 13 എ.ടി.എമ്മുകളില്‍ നിന്ന് പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. മെഷീനിലെ പണം വരുന്ന ഭാഗം സ്‌കെയില്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് തടസ്സപ്പടുത്തിയാണ് തട്ടിപ്പ്.

ഇടപാടുകാരന്‍ കാര്‍ഡിട്ട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മില്‍ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും. വിവിധ എ.ടി.എമ്മുകളില്‍ നിന്നായി 25000 രൂപ നഷ്ടമായതായാണ് പ്രാഥമിക വിവരം. സാങ്കേതിക തകരാറ് മൂലം എ.ടി.എമ്മില്‍ നിന്നും പണം പുറത്തുവന്നില്ലെങ്കില്‍ അത് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയാണ് പതിവ്. എന്നാല്‍ അങ്ങനെ സംഭവിക്കാതായതോടെ ഉപഭോക്താക്കള്‍ ബാങ്കില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിച്ചു.

കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതി വലയിലായത്. മോഷണരീതി ആവിഷ്‌കരിച്ചത് എങ്ങനെയാണെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week