KeralaNews

ഉമ്മന്‍ ചാണ്ടി പുതുതലമുറയ്ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി; ഒൻപതാം സമ്മേളനത്തിന് നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച് 15–ാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു കക്ഷിനേതാക്കൾ എന്നിവർ ചരമോപചാരം അർപ്പിച്ചു.

ഉമ്മന്‍ ചാണ്ടി പുതുതലമുറയ്ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. കേരളം വിട്ടുപോകാത്ത മനസ്സായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് അദ്ദേഹത്തെ നയിച്ചതെന്നും മുഖ്യമന്ത്രി അനുശോചിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിക്കുന്നതെന്നും മികച്ച നിയമസഭാ സാമാജികനെയാണ് നഷ്ടമായതെന്നും സ്പീക്കർ അനുശോചിച്ചു. ജനക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

53 വർഷം തുടർച്ചയായി എംഎൽഎ ആയി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയില്ലാതെയാണു 15–ാം കേരള നിയമസഭയുടെ 9–ാം സമ്മേളനം ആരംഭിച്ചത്. മറ്റു നടപടികളിലേക്ക് കടക്കാതെ സഭ ഇന്നത്തേക്കു പിരിയും. മുൻനിരയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകൾ പുനഃക്രമീകരിക്കും. 12 ദിവസം സമ്മേളിച്ച് 24ന് സമാപിക്കും.

നിയമസഭാ സമ്മേളനത്തിൽ ഒട്ടേറെ വിവാദ വിഷയങ്ങളിലെ സർക്കാർ നിലപാട് അറിയാനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ 6 മാസമായി പൊതുയോഗങ്ങളിൽ‌ പ്രസംഗിക്കുന്നതല്ലാതെ വാർത്താ സമ്മേളനങ്ങളിലോ സംവാദങ്ങളിലോ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടുകളാണ് ഇതിൽ മുഖ്യം. മിത്ത് വിവാദം, തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, മൈക്ക് വിവാദം, ഏക വ്യക്തിനിയമം തുടങ്ങിയവയൊക്കെ നിയമസഭയിൽ അടിയന്തര പ്രമേയങ്ങളായോ ചോദ്യങ്ങളായോ സബ്മിഷനായോ വരും. മിക്ക വിഷയങ്ങളിലും മുഖ്യമന്ത്രിയാണു മറുപടി പറയേണ്ടി വരിക.

മുഖ്യമന്ത്രിയെക്കൊണ്ടു പ്രതികരിപ്പിക്കാനുള്ള വേദി ഇപ്പോൾ നിയമസഭ മാത്രമായിരിക്കുകയാണെന്നാണു പ്രതിപക്ഷത്തിന്റെ ചിന്ത. വിദേശയാത്ര കഴിഞ്ഞുള്ള പതിവു വാർത്ത സമ്മേളനവും കഴിഞ്ഞ തവണ മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. തുടർച്ചയായി അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കർ തള്ളുന്നതും പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിക്കാത്തതുമടക്കമുള്ള വിഷയങ്ങളാണു കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയത്. ഇൗ രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണു സ്പീക്കർ ഇക്കുറി സ്വീകരിക്കുക എന്നു വ്യക്തമായിട്ടുണ്ട്. എന്നാൽ, കോവിഡിനു മുൻപ് ചോദ്യോത്തരവേള പകർത്താൻ മാധ്യമങ്ങൾക്ക് ഒരുക്കിയിരുന്ന സൗകര്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ സ്പീക്കർ തീരുമാനം എടുത്തിട്ടില്ല.

റോഡ് ക്യാമറയും ആലുവയിൽ 5 വയസ്സുകാരി കൊല്ലപ്പെട്ടതും മന്ത്രി ആർ.ബിന്ദുവിനെതിരായ ആരോപണങ്ങളും സഭയിൽ സർക്കാരിന്റെ വീഴ്ചകളായി പ്രതിപക്ഷം ഉയർത്തിക്കാട്ടും. മിത്ത് വിവാദം എങ്ങനെ നിയമസഭയിൽ അവതരിപ്പിക്കണമെന്ന കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനെടുത്തിട്ടില്ല. സ്പീക്കർ എ.എൻ.ഷംസീറും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിവാദം തണുപ്പിക്കാൻ ശ്രമിക്കുന്നതിനാൽ നിയമസഭയിൽ വിഷയം ഉയർ‌ത്തിക്കാട്ടേണ്ടതുണ്ടോ എന്ന സംശയം യുഡിഎഫിനുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി കോൺഗ്രസിന്റെ ഉൗർജം വർധിപ്പിച്ചിട്ടുണ്ട്. ഇതു സഭയിലും പ്രതിഫലിക്കും.

സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള കേരള സഹകരണ സംഘം ഭേദഗതി ബില്ലും ഡോ.വന്ദന ദാസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള ബില്ലും അടക്കം ആകെ 19 ബില്ലുകളാണ് അവതരിപ്പിക്കാനായി തയാറായിട്ടുള്ളത്. ഇവയെല്ലാം ഇൗ സമ്മേളനത്തിൽ പാസാക്കാനാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button