ഗുവാഹത്തി: അസമിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജി സ്വാതി ബിദാന്‍ ബറുവയെ (32) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം സ്വാതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവാവിന്റെ ദുരൂഹ മരണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാവിലെ ഗുവാഹത്തിയിലെ പാണ്ഡുവിലെ വീട്ടില്‍ മന്‍സൂര്‍ ആലം എന്ന ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാതിയുടെ മാനസിക പീഡനം കാരണമാണ് മന്‍സൂര്‍ തൂങ്ങിമരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
കുടുംബാംഗങ്ങള്‍ ഗുവാഹത്തിയിലെ ജലുക്ബാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിന്നാലെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് സ്വാതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാര്‍ തൊഴിലാളിയായി മന്‍സൂര്‍ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
തന്നെ വിവാഹം കഴിക്കാന്‍ മന്‍സൂറിനോട് സ്വാതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വാതിയുടെ ആവശ്യം മന്‍സൂര്‍ നിഷേധിച്ചതോടെ പിന്നീട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ മൊഴി.
കഴിഞ്ഞ വര്‍ഷം മേയ് 29നു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മന്‍സൂറിനെതിരെ സ്വാതി പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകള്‍ ചുമത്തിയാണ് അന്ന് മന്‍സൂറിനെതിരെ കേസെടുത്തത്. പിന്നീട് കോടതി മന്‍സൂറിനു ജാമ്യം അനുവദിച്ചെങ്കിലും സ്വാതിയുടെ ഭാഗത്തുനിന്നും സമ്മര്‍ദവും ഭീഷണിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
”സ്വാതി വലിയൊരു ജുഡീഷ്യല്‍ പദവി വഹിക്കുന്ന ആളായതിനാല്‍ തന്നെ മന്‍സൂര്‍ വലിയ തോതില്‍ ഭയപ്പെട്ടിരുന്നു. പലതവണ ഭീഷണി ആവര്‍ത്തിക്കപ്പെട്ടപ്പോഴും ഇതൊക്കെ അവസാനിപ്പിക്കണമെന്ന് സ്വാതിയോട് മന്‍സൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭീഷണി തുടരുകയായിരുന്നു. ഒടുവില്‍ അവന്‍ സ്വയം ജീവനെടുക്കുകയായിരുന്നു. ഇത് ആത്മഹത്യല്ല, കൊലപാതകമാണ്.”- മന്‍സൂറിന്റെ ഒരു ബന്ധു പറഞ്ഞു.