കൊച്ചി:ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മോഹന്‍ലാല്‍ നായകനായ 12 ത്ത് മാനിനു ശേഷം ജീത്തുവിന്‍റേതായി പുറത്തെത്തുന്ന ചിത്രമാണിത്. 12 ത്ത് മാന്‍റെയും തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണിത്.
പൊലീസ് കോൺസ്റ്റബിൾ ‘ഗിരിശങ്കർ’ ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള- തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണമായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നു.
ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനന്യ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം. ബിഗ് ബജറ്റില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ വലിയ താരനിരയും അണിനിരക്കുന്നുണ്ട്. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന സിനിമ മാജിക് ഫ്രെയിം റിലീസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.
അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം, നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോല്‍, റിയാസ് നർമ്മകല, ജയിംസ് ഏലിയ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം വിഷ്‍ണു ശ്യാം, ഗാനങ്ങൾ വിനായക് ശശികുമാർ. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വി എസ് വിനായക്, കലാസംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ലിൻഡ ജീത്തു, മേക്കപ്പ് രതീഷ് വിജയൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അർഫാസ് അയൂബ്, അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് സോണി ജി സോളമൻ, എസ് എ ഭാസ്ക്കരൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ബന്നറ്റ് എം വർഗീസ്. നവംബര്‍ നാലിനാണ് റിലീസ്.