തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ എല്‍ഡിഎഫിന് വന്‍വിജയവും ഭരണതുടര്‍ച്ചയും പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീഫോര്‍ പ്രീപോള്‍ സര്‍വേ രണ്ടാം ഭാഗം. 140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
നാല് പതിറ്റാണ്ടായി ഇടതുംവലതും മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ഇക്കുറി ഭരണമാറ്റം വേണ്ടെന്ന ജനവിധിയുണ്ടാവും എന്നാണ് അവസാനഘട്ടപ്രചാരണം പുരോഗമിക്കുന്ന ഈ സാഹചര്യത്തില്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. പ്രതിപക്ഷത്ത് തുടരേണ്ടി വരുന്ന യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതല്‍ 54 വരെ സീറ്റുകള്‍ നേടാനും സാധിക്കും. വന്‍കുതിപ്പിന് കൊതിക്കുന്ന ബിജെപിക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.
വടക്കന്‍ കേരളത്തിലുണ്ടായേക്കാവുന്ന വന്‍മുന്നേറ്റമാണ് അധികാരത്തില്‍ തുടരാന്‍ ഇടതുമുന്നണിക്ക് സഹായമാക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നത്. വടക്കന്‍ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായുള്ള 60 സീറ്റുകളില്‍ സിംഹഭാഗവും ഇടതുമുന്നണി വിജയിക്കും എന്നാണ് സര്‍വ്വ പ്രവചിക്കുന്നത്.
43 ശതമാനം വോട്ടുവിഹിതമാണ് എല്‍ഡിഎഫിന് മലബാറില്‍ ആറ് ജില്ലകളിലായുണ്ടാവുക. 42 മുതല്‍ 45 വരെ സീറ്റുകള്‍ എല്‍ഡിഎഫിന് നേടാനാവും. യുഡിഎഫ് 37 ശതമാനം വോട്ടുവിഹിതം നേടി 13 മുതല്‍ 16 സീറ്റുകള്‍ വരെ നേടിയേക്കും. 17 ശതമാനം വോട്ടുവിഹിതം നേടുന്ന എന്‍ഡിഎയ്ക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ മലബാര്‍ മേഖലയില്‍ കിട്ടിയേക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും ഉള്‍പ്പെടാത്ത മറ്റു പാര്‍ട്ടികള്‍ ചേര്‍ന്ന് മൂന്ന് ശതമാനം വരെ വോട്ടുകള്‍ സ്വന്തമാക്കുമെന്നും സര്‍വേ പറയുന്നു.
മലബാറിലെ ആകെയുള്ള അറുപത് സീറ്റുകളില്‍ 75 ശതമാനത്തിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു എന്ന സര്‍വേ പ്രവചനം യുഡിഎഫിന് വലിയ മുന്നറിയിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മുസ്ലീംലീഗിനും ഇതു ആശങ്ക സൃഷ്ടിക്കും. മലപ്പുറം ജില്ലയില്‍ മുന്‍പില്ലാത്ത വിധം ശക്തമായ മത്സരമാണ് നടക്കുന്നതെന്ന എല്‍ഡിഎഫിന്റെ അവകാശവാദവും യുഡിഎഫിന്റെ ആശങ്കയേറ്റുന്നു. ഇരിക്കൂര്‍ അടക്കമുള്ള യുഡിഎഫ് സീറ്റുകളില്‍ എല്‍ഡിഎഫ് കടന്നു കയറാനുള്ള സാധ്യതയും സര്‍വേ തുറന്നിടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ മേഖലയിലും ഇടതുമുന്നണിയുടെ മുന്നേറ്റമാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ പ്രവചിക്കുന്നത്. 42 ശതമാനം വോട്ടുവിഹിതം നേടി എല്‍ഡിഎഫ് 26 മുതല്‍ 26 വരെ സീറ്റുകള്‍ തെക്കന്‍ മേഖലയില്‍ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
യുഡിഎഫിന് 12 മുതല്‍ 15 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. 35 ശതമാനം വോട്ടുവിഹിതവും യുഡിഎഫിന് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തേയും വടക്കന്‍ കേരളത്തേയും അപേക്ഷിച്ച് എന്‍ഡിഎ മികച്ച വോട്ടുവിഹിതം നേടുക തെക്കന്‍ കേരളത്തിലാവും എന്നാണ് സര്‍വേ പ്രവചിക്കുന്നത്. 20 ശതമാനം വോട്ടുവിഹിതം നേടുന്ന എന്‍ഡിഎയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ സീറ്റുകള്‍ വരെ ലഭിക്കാനാണ് സര്‍വേ പ്രവചിക്കുന്നത്. തിരുവനന്തപുരം (14 സീറ്റുകള്‍), കൊല്ലം (11 സീറ്റുകള്‍), പത്തനംതിട്ട (5 സീറ്റുകള്‍), ആലപ്പുഴ (9 സീറ്റുകള്‍) എന്നിവയാണ് തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് ജില്ലകള്‍ ഉള്‍പ്പെട്ട മധ്യകേരളത്തില്‍ യുഡിഎഫിനാണ് സര്‍വേ മേല്‍ക്കൈ പ്രവചിക്കുന്നത്. മധ്യകേരളത്തില്‍ ആകെ 41 മണ്ഡലങ്ങളുള്ളതില്‍ 21 മുതല്‍ 24 വരെ യുഡിഎഫ് വിജയിക്കും. എല്‍ഡിഎഫ് 17 മുതല്‍ 20 സീറ്റ് വരെയാവും പരമാവധി വിജയിക്കുക. എന്‍ഡിഎ പരമാവധി ഒരു സീറ്റില്‍ മാത്രമേ വിജയിക്കൂവെന്നും സര്‍വേ പ്രവചിക്കുന്നു.
കോട്ടയം ജില്ലയിലെ ഒന്‍പതും ഇടുക്കിയിലെ അഞ്ചും എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും തൃശ്ശൂരിലെ 13 മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് മധ്യകേരളത്തിലെ സീറ്റുകള്‍. ഇവിടെ 39 ശതമാനം ജനപിന്തുണയാണ് എല്‍ഡിഎഫിന് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് 40 ശതമാനം ജനപിന്തുണ നേടി മുന്നിലെത്തും. എന്‍ഡിഎയ്ക്ക് 18 ശതമാനം ജനപിന്തുണ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേരും പിണറായി വിജയനെ പിന്തുണയ്ക്കുന്നു. ഉമ്മന്‍ ചാണ്ടിയെ 27 ശതമാനം പേരും രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും പിന്തുണച്ചു. കെകെ ശൈലജ ടീച്ചറെ 11 ശതമാനം പേരും കെ.സുരേന്ദ്രനെ ആറ് ശതമാനം പേരും പിന്താങ്ങുന്നു.
ക്രിസ്ത്യന്‍ സഭകള്‍ക്ക് മുസ്ലീം ലീഗിനോടുള്ള അകല്‍ച്ച മറികടന്ന് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്യുമോയെന്നതായിരുന്നു മധ്യകേരളവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യം. 48 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്യും എന്നാണ് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേര്‍ ഇല്ലെന്നും 21 ശതമാനം പേര്‍ അറിയില്ലെന്നും പ്രതികരിച്ചു.
ഇതേ ചോദ്യത്തോട് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരുടെ അഭിപ്രായവും സര്‍വേയിലൂടെ തേടിയിരുന്നു. 45 ശതമാനം പേര്‍ വോട്ട് ചെയ്യുമെന്ന നിലപാടെടുത്തപ്പോള്‍ 40 ശതമാനം പേര്‍ ചെയ്യില്ലെന്നും 15 ശതമാനം പേര്‍ അറിയില്ലെന്നും പറഞ്ഞു. യാക്കോബായ സഭാ നേതൃത്വത്തെപ്പോലെ ചിലര്‍ പിന്തുണക്കുമെന്ന് നല്‍കുന്ന സൂചനകള്‍ ബിജെപിക്ക് ഗുണമോയെന്ന ചോദ്യത്തിന് ഗുണം ചെയ്യുമെന്നായിരുന്നു 48 ശതമാനം പേരുടെ മറുപടി. 35 ശതമാനം പേര്‍ ഗുണം ചെയ്യില്ലെന്ന നിലപാടുകാരാണ്. 17 ശതമാനം പേര്‍ക്ക് ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.
സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേര്‍ എല്‍ഡിഎഫാണ് ഏറ്റവും നന്നായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേര്‍ യുഡിഎഫാണെന്നും 21 ശതമാനം എന്‍ഡിഎ ആണെന്നും പറഞ്ഞു. ഇടതുമുന്നണിയിലെ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയായി ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് മാറുന്നത്, മുന്നണിക്ക് നല്ലതാണോയെന്ന ചോദ്യത്തോട് ആണെന്ന് പ്രതികരിച്ചവര്‍ 47 ശതമാനമാണ്. 43 ശതമാനം എതിരഭിപ്രായം രേഖപ്പെടുത്തി. 10 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. ഇതില്‍ ആണ്‍-പെണ്‍ തിരിച്ചുള്ള വോട്ടിംഗ് താല്‍പ്പര്യം പരിശോധിക്കുകയാണെങ്കില്‍ പുരുഷന്‍മാരില്‍ 41 ശതമാനം പേര്‍ എല്‍ഡിഎഫിനെയും 36 ശതമാനം പേര്‍ യുഡിഎഫിനെയും 19 ശതമാനം പേര്‍ എന്‍ഡിഎയെയും പിന്തുണച്ചു. വനിതകളില്‍ 43 ശതമാനത്തിന്റെയും പിന്തുണ എല്‍ഡിഎഫ് നേടി. 39 ശതമാനം യുഡിഎഫിനെയും 16 ശതമാനം എന്‍ഡിഎയെയും പിന്തുണച്ചു.