കൊളംബൊ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ കൊളംബോയില്‍ നിന്ന് മാറ്റിയേക്കും. അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ പകുതി വരെ കൊളംബോയില്‍ മഴ ശക്തമായുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ശ്രീലങ്കയിലെ തന്നെ മറ്റ് വേദികളിലേക്ക് കളിമാറ്റാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കം. പാകിസ്ഥാനിലായിരുന്നു ഏഷ്യാകപ്പ് നടക്കേണ്ടിയിരുന്നത്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തേണ്ടിവന്നത്.
കാന്‍ഡിയില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ ഗ്രൂപ്പ്ഘട്ട മത്സരം മഴ മുടക്കിയിരുന്നു. ഇന്ന് നേപ്പാളിനെതിരായ മഴ കളിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാകിസ്ഥാനെതിരായെ മത്സരം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി.
പാകിസ്ഥാന്റെ ഇന്നിംഗ്‌സ് തുടങ്ങുന്നതിന് മുന്നോടിയായി മഴ എത്തി. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്റ് പങ്കുവെച്ചു. ഇതോടെ പാകിസ്ഥാന്‍ മൂന്ന് പോയിന്റോടെ സൂപ്പര്‍ ഫോറിലേക്ക് മുന്നേറുകയും ചെയ്തു.
നേപ്പാളിനെതിരെ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം ഉറപ്പാണ്. വ്യക്തപരിമായ കാരണങ്ങളാല്‍ മുംബൈയിലേക്ക് മടങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തും. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കെതിരെ ശക്തി പരീക്ഷിക്കുകയാണ് നേപ്പാളിന്റെ ലക്ഷ്യം.
ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്കാവട്ടെ ഫോം വീണ്ടെടുക്കാനുള്ള അവസരവും. കോലി, രോഹിത്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പാകിസ്ഥാനെതിരെ നിരാശപ്പെടുത്തിയിരുന്നു. നാല് പേരും പേസര്‍മാര്‍ക്ക് മുന്നിലാണ് വീണത്.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.