ജയ്പൂർ: സി പി എമ്മിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സി പി എമ്മിന് കേരളത്തിൽ അധികാരത്തുടർച്ച ലഭിച്ചത് പോലെ ഇത്തവണ രാജസ്ഥാനിലും കോൺഗ്രസ് ഭരണത്തുടർച്ച നേടുമെന്നും ഈ സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മിച്ച പ്രവർത്തനം കാഴ്ചവെച്ചതിനാലാണ് സി പി എം വീണ്ടും അധികാരത്തിലേറിയതെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞു.
ഇത്തവണയും ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറപ്പാണ്. സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. 70 വർഷമായി കേരളത്തിൽ കോൺഗ്രസും സി പി എമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഎമ്മിന് ഭരണത്തുടകർച്ച ലഭിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ചതുകൊണ്ടാണ് അത് സാധിച്ചത്. കോവിഡ് കാലത്ത് നമ്മൾ അത്ഭുതകരമായി പ്രവർത്തിച്ചു, നമ്മുടെ ഭിൽവാര മോഡൽ അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടു എന്ന് ജനങ്ങൾ മനസ്സിലാക്കുന്നു… ജനങ്ങളുടെ മാനസികാവസ്ഥ നോക്കിയാൽ മനസ്സിലാകും. അവർക്ക് നമ്മുടെ ഭരണവും പദ്ധതികളും ഇഷ്ടപ്പെട്ടു എന്ന്’. ഗെഹ്ലോട്ട് പറഞ്ഞു.
മോദിയേയും ബി ജെ പിയേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ‘മോദിയുടെ പ്രസംഗങ്ങളിൽ കഴമ്പില്ല. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പാണിത്. ഇത് മോദിജിയുടെ തിരഞ്ഞെടുപ്പല്ല. ഞങ്ങൾ ഭരണത്തിൽ തുടരുക തന്നെ ചെയ്യും. വികസനത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കും’, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയെ കാണാനാകില്ലെന്നും ഇനി അഞ്ച് വർഷത്തെ ഭരണം കഴിഞ്ഞാലെ അവർ ജനങ്ങളെ തേടി വരികയുള്ളൂവെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ 199 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1993 ന് ശേഷം ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ ഇത്തവണ ബി ജെ പിക്കാണ് മുൻതൂക്കം. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ ബി ജെ പിക്കാണ് ഭരണം പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അതുകൊണ്ട് തന്നെ കോൺഗ്രസ് സംസ്ഥാനത്തെ ചരിത്രം തിരുത്തുമെന്നുമാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. ഡിസംബർ 3 നാണ് വോട്ടെണ്ണൽ.