പാലക്കാട്: വാര്‍ഡ് അംഗത്തിന്റെയും സിപിഐഎം പ്രാദേശിക നേതാക്കളുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് ആശാ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാ പ്രവര്‍ത്തക ഷീജയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാര്‍ഡംഗം അടക്കമുള്ളവരുടെ പേരുകള്‍ എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആരോപണങ്ങള്‍ വാര്‍ഡ് അംഗം രാജശ്രീ നിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് വീടിനടുത്തുള്ള റബര്‍തോട്ടത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ആശ പ്രവര്‍ത്തകയായ ഷീജയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ ആസിഡ് കുടിച്ചുവെന്ന് വ്യക്തമായി. ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
വാര്‍ഡംഗം രാജശ്രീ, സിപിഐഎം പ്രാദേശിക നേതാക്കളായ ഉണ്ണികൃഷ്ണന്‍, ഹരിദാസ്, അംഗണ്‍വാടി അധ്യാപിക ഇന്ദിരകുമാരി എന്നിവരാണ് മരണത്തിനുത്തരവാദികളെന്നായിരുന്നു കുറിപ്പിലുള്ളത്. ജോലിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് ഷീജ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഷീജയുമായി അകല്‍ച്ചയുണ്ടായിരുന്നുവെന്നും പലവിവരങ്ങളും വാര്‍ഡംഗം എന്ന നിലയില്‍ കൈമാറാന്‍ ഷീജ തയാറായിരുന്നില്ലെന്നും വാര്‍ഡംഗമായ രാജശ്രീ പറഞ്ഞു.
പെരിന്തല്‍മണ്ണിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷീജയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ആത്മഹത്യകുറിപ്പില്‍ പേരുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.