24 C
Kottayam
Wednesday, May 15, 2024

ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജനിയമന ഉത്തരവ്; ഇല്ലാത്ത ജോലി,എം.പി. ക്വാട്ട,എല്ലാം വ്യാജം

Must read

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ നിയമനത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പണം നഷ്ടമായെന്ന് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരേയാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇയാള്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിനെതിരേ അഞ്ചുപേര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍നിന്ന് 50,000 രൂപ മുതല്‍ 1.60 ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നും മൊഴികളിലുണ്ട്.

കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണം തട്ടിയ സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. എം.പി. ക്വാട്ടയില്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് തസ്തികയില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് പറഞ്ഞ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയില്‍നിന്ന് 50,000 രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും കൈമാറി. തുടര്‍ന്ന് ഈ ഉത്തരവുമായി യുവതി ആശുപത്രിയില്‍ ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടത്.

എന്നാല്‍, യുവതി സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല. അതിനിടെ, അരവിന്ദ് വെട്ടിക്കല്‍ കൈമാറിയ വ്യാജ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാജ ഉത്തരവ് നിര്‍മിച്ചത് അരവിന്ദ് വെട്ടിക്കലാണെന്ന് കണ്ടെത്തിയ പോലീസ് സംഘം പത്തനംതിട്ടയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇല്ലാത്ത തസ്തികയുടെ പേരിലാണ് അരവിന്ദ് വെട്ടിക്കല്‍ പണം തട്ടിയതെന്നും ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ ഉത്തരവും വ്യാജസീലും ഇയാള്‍ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍പേരുണ്ടെന്നും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിനുകൂടി പങ്കുള്ളതായും സംശയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week