ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ തയ്ബ ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. ഷോപ്പിയാനിലെ തുള്‍റാനില്‍ ഇമാംസാഹബ് ഏരിയയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടലുണ്ടായത്. ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ഒമ്പതു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. സൈനിക നടപടി തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വധിച്ച ഭീകരില്‍ ഒരാള്‍ഗണ്ടേര്‍ബാല്‍ സ്വദേശി മുക്താര്‍ ഷാ ആണെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു.
കാഷ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം അഞ്ച് സൈനികര്‍ തിങ്കളാഴ്ച വീരമൃത്യു വരിച്ചിരുന്നു. ഇതേതുടര്‍ന്നു സൈന്യം കാഷ്മീരിലെ വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കാഷ്മീരിലെ വിവിധയിടങ്ങളില്‍ ഇപ്പോഴും ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
പുഞ്ചില്‍ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സിപ്പോയി എച്ച്. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ച മലയാളി. പഞ്ചാബുകാരായ നായിബ് സുബേദാര്‍(ജെസിഒ) ജസ്വിന്ദര്‍ സിംഗ്, നായിക് മന്‍ദീപ് സിംഗ്, സിപ്പോയി ഗജ്ജന്‍ സിംഗ്, ഉത്തര്‍പ്രദേശുകാരനായ സിപ്പോയി സരജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു സൈനികര്‍.
സുരാന്‍കോട്ടിലായിരുന്നു സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നാലു ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈനികര്‍ പ്രദേശത്ത് എത്തിയത്.