ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ്. ഉന്നതോദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. സി.ആര്‍.പി.എഫിലെ ഡി.ഐ.ജിയും ചീഫ് സ്‌പോര്‍ട്‌സ് ഓഫീസറുമായ ഖജന്‍ സിങ്ങിനെയാണ് നീക്കുന്നത്. അര്‍ജുന പുരസ്‌കാര ജേതാവ് കൂടിയാണ് ഇയാള്‍.
സി.ആര്‍.പി.എഫിലെ വനിതാ സേനാംഗങ്ങളാണ് ഖജന്‍ സിങ്ങിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ സി.ആര്‍.പി.എഫ്. സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സി.ആര്‍.പി.എഫ്. യു.പി.എസ്.സിയ്ക്കാണ് സമര്‍പ്പിച്ചത്. യു.പി.എസ്.സിയാണ് ഖജന്‍ സിങ്ങിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനോട് നിര്‍ദേശിച്ചത്.
ഖജന്‍ സിങ്ങിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി സി.ആര്‍.പി.എഫ്. ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
ആരോപണവിധേയനായ ഓഫീസര്‍ക്കെതിരെ സി.ആര്‍.പി.എഫ്. അന്വേഷണം നടത്തി. അന്വേഷണം പൂര്‍ത്തിയാക്കി യു.പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ ഇപ്പോള്‍ യു.പി.എസ്.സി. ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകാരം നല്‍കി. ഇതനുസരിച്ച് സി.ആര്‍.പി.എഫ്. അദ്ദേഹത്തിന് നോട്ടീസ് നല്‍കി’ -ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സി.ആര്‍.പി.എഫ്. ചീഫ് സ്‌പോര്‍ട്‌സ് ഓഫീസറാകുന്നതിന് മുമ്പ് 1986-ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ആളാണ് ഖജന്‍ സിങ്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലിലാണ് അദ്ദേഹത്തിന് വെള്ളി മെഡല്‍ ലഭിച്ചത്. 1951-ന് ശേഷം നീന്തലില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡലായിരുന്നു ഇത്. 1984-ലാണ് അദ്ദേഹത്തിന് അർജുന പുരസ്കാരം ലഭിക്കുന്നത്.
നിലവില്‍ സി.ആര്‍.പി.എഫിന്റെ മുംബൈ യൂണിറ്റിലാണ് ഖജന്‍ സിങ്. പിരിച്ചുവിട്ടതായുള്ള വാര്‍ത്തയോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നല്‍കാന്‍ അദ്ദേഹത്തിന് 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
രണ്ട് കേസുകളാണ് ഖജന്‍ സിങ്ങിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്നിലാണ് അദ്ദഹത്തെ പിരിച്ചുവിട്ടത്. രണ്ടാമത്തെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും തന്റെ സല്‍പ്പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ചതാണെന്നും നേരത്തേ ഖജന്‍ സിങ് പ്രതികരിച്ചിരുന്നു.