മേഘമല: തമിഴ്‌നാട്ടിലും റേഷന്‍ കട തേടിയെത്തി അരിക്കൊമ്പന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഘമലയില്‍ തുടരുന്ന അരിക്കൊമ്പന്‍ മണലാര്‍ എസ്റ്റേറ്റിനടുത്ത റേഷന്‍ കടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അതേസമയം നാശനഷ്ടങ്ങളില്ല. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചു.
ഞായറാഴ്ച വൈകീട്ട് ആറുമണിയോടു കൂടിയാണ് മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയില്‍ അരിക്കൊമ്പന്‍ അരി തേടിയെത്തിയത്. തുടര്‍ന്ന് റേഷന്‍ കടയുടെ വാതില്‍ തുള്ളിത്തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അരി എടുക്കുകയോ മറ്റു നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ലെന്നും അല്പനേരത്തിനു ശേഷം ആന മടങ്ങിപ്പോയെന്നും അധികൃതര്‍ അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ തമിഴ്‌നാട് വനംവകുപ്പിന്റെ കൈവശമുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട് ചെക്ക്‌പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്‌റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ അവിടെനിന്ന് മാറി പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപമുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് അരിക്കൊമ്പന്‍ എത്തിയിട്ടുണ്ട്. ഇവിടെനിന്ന് പെരിയാര്‍ സങ്കേതത്തിലേക്ക് അരിക്കൊമ്പന്‍ മടങ്ങിയാല്‍ അത് കേരളത്തിനും തമിഴ്‌നാടിനും ആശ്വാസമാകും.