KeralaNews

അരിക്കൊമ്പന്‍ പോയി,ചിന്നക്കനാലിലെ കാട്ടാനകള്‍ക്ക് പുതിയ തലവന്‍

ഇടുക്കി:അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ. അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ അവനങ്ങനെ രാജാവായി വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു.

പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരികെമ്പനായിരുന്നു. തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ഇന്നലെ ചില ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ദൃശ്യത്തിൽ റോഡരികിൽ നിന്ന് 100 മീറ്റർ പോലും അകലെയല്ല ചക്കകൊമ്പനും സംഘവും നിലയുറപ്പിച്ചതെന്ന് മനസിലാകും. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും കൊമ്പനൊപ്പം ഉണ്ട്. എല്ലാവരും ചേർന്ന് ഇളം പുല്ല് പറിച്ച് തിന്ന് മേയുന്നു. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിർവർക്ക് സംരക്ഷണം ഒരുക്കും.

നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുന്ന കൊമ്പനെ ഭയന്നാണ് വേണം നാട്ടുകാരുടെ യാത്ര. കഴിഞ്ഞ നാലു ദിവസമായി ഈ കാട്ടാനക്കൂട്ടം ഇവിടെത്തന്നെയുണ്ട്. ദൗത്യത്തിനു രണ്ടു ദിവസം മുമ്പാണ് മദപ്പാടിലായ ചക്കക്കൊമ്പൻ ഈ കൂട്ടത്തിനൊപ്പമെത്തിയത്. അരിക്കൊമ്പനെ മയക്കു വെടിവച്ച ദിവസവും ഇവനിവിടുണ്ടായിരുന്നു. ഇതേ കൂട്ടം കഴിഞ്ഞദിവസം ഒരു ഷെഡ്ഡ് തകർക്കുകയും ചെയ്തതാണ്.

ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാറിലേയ്ക്ക് മാറ്റിയ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് വനംവകുപ്പിന് സിഗ്നൽ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അവസാനമായി സിഗ്നൽ ലഭിച്ചത്.

തമിഴ്‌നാട്ടിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പനെ അവസാനമായി കണ്ടത്. സാങ്കേതിക പ്രശ്നം മൂലമാണ് സിഗ്നൽ ലഭിക്കാത്തതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹത്തിലെത്തിയതിനുശേഷം ഇവിടെനിന്നാണ് വനംവകുപ്പിന്റെ പോർട്ടലിലേയ്ക്ക് എത്തുക. മേഘാവൃതമായ കാലാവസ്ഥ ആയാലും ആന ഇടതൂർന്ന വനത്തിലാണ് ഉള്ളതെങ്കിലും ഇത്തരത്തിൽ സിഗ്നൽ ലഭിക്കാതെ വരുമെന്നാണ് വനംവകുപ്പ് പറയുന്നത്.

സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിനോട് ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി. ഈ സംഘടനയാണ് അരിക്കൊമ്പനുള്ള റേഡിയോ കോളർ വനം വകുപ്പിന് നൽകിയത്. പത്തുവർഷം വരെയാണ് റേഡിയോ കോളറിന്റെ ബാറ്ററി കാലാവധി.

അതേസമയം, തുറന്നുവിട്ട സ്ഥലത്തുനിന്ന് 12 കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിച്ചതായാണ് വിവരം. അരിക്കൊമ്പൻ ചിന്നക്കനാലിലേയ്ക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വിദഗ്ദ്ധ സമിതിയംഗം ഡോ പി എസ് ഈസ പറഞ്ഞു. ട്രാൻസ്‌ലൊക്കേറ്റ് ചെയ്തിട്ടുള്ള ചില ആനകൾ തിരിച്ചുവന്നിട്ടുണ്ട്. അരിക്കൊമ്പന് പറ്റിയ ഇടം പെരിയാറിനേക്കാൾ പറമ്പിക്കുളമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button