ബ്രസീലിനെ തകർത്ത് അർജന്റീന, തകർപ്പൻ പ്രകടനവുമായി മെസിയുടെ മടങ്ങിവരവ്
റിയാദ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റൈന്‍ വിജയാരവം. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ്‌സ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോളിലെ മിശിഹാ ലയണൽ മെസിയുടെ തിരിച്ചു വരവ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച അര്‍ജന്റീനയുടെ വിജയഗോള്‍. ഇതോടെ കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ 0-2ന്റെ തോല്‍വിക്കു അർജന്റീന കണക്കുതീര്‍ക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റില്‍ ബ്രസീലിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് മെസ്സിയും സംഘവും നടത്തിയത്. ഒന്നിനു പിറകെ ഒന്നായി അവര്‍ സംഘടിത ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തു. ഗോള്‍കീപ്പര്‍ അലിസണിന്റെ തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന്റെ തോല്‍വി ഒരു ഗോളിലൊതുക്കിയത്. മറുഭാഗത്ത് ബ്രസീലിന്റെ മുന്നേറ്റങ്ങളൊന്നും തന്നെ അര്‍ജന്റീനയ്ക്കു ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല. മഞ്ഞപ്പടയുടെ മികച്ച പല നീക്കങ്ങളും ബോക്‌സിന് അരികില്‍ തന്നെ അവസാനിക്കുകയായിരുന്നു.
മൂന്നു മാസത്തെ വിലക്ക് കഴിഞ്ഞ് മെസ്സിയുടെ അര്‍ജന്റൈന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കുന്ന കാഴ്ച കൂടിയായിരുന്നു മല്‍സരം. ബ്രസീലില്‍ നടന്ന കഴിഞ്ഞ കോപ്പ അമേരിക്കയുടെ ലൂസേഴ്‌സ് ഫൈനലില്‍ അംപയര്‍മാരുടെ തീരുമാനത്തെയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് മെസ്സിയെ മൂന്നു മാസത്തേക്കു വിലക്കിയത്.
മറുഭാഗത്ത് സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ നിരയില്‍ ഇല്ലായിരുന്നു. പരിക്കു കാരണമാണ് അദ്ദേഹത്തിനു മല്‍സരം നഷ്ടമായത്