FootballNewsSports

Argentina: അപരാജിത കുതിപ്പിന് അന്ത്യം, സമനില ദൂരത്തിൽ പൊലിഞ്ഞത് റെക്കോഡ് നേട്ടം

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ സൗദി അറേബ്യക്കെതിരെ തോല്‍വി വഴങ്ങിയതോടെ അവസാനിക്കുന്നത് 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള അര്‍ജന്‍റീനയുടെ അപരാജിത കുതിപ്പ്. 2109ലെ കോപ അമേരിക്ക സെമിയില്‍ തോറ്റശേഷം അര്‍ജന്‍റീന ഒരു മത്സരം തോല്‍ക്കുന്നത് ഇന്നാണ്. എന്നാല്‍ ആ തോല്‍വി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി എന്നത് ലിയോണല്‍ മെസിയുടെയും ലിയോണല്‍ സ്കലോണിയുടെ നെഞ്ചില്‍ നീറ്റലായി അവശേഷിക്കും.

സൗദിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് കളിച്ച 36 മത്സരങ്ങളില്‍ 25 വിജയങ്ങളും 11 സമനിലകളുമാണ് സ്കൊലാണിയുടെ ടീം നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്‍റീന ലോകകപ്പിനെത്തിയത്. കൂട്ടിന് കോപ അമേരിക്കി, ഫൈനലിസിമ കിരീടങ്ങളുടെ പകിട്ടുമുണ്ടായിരുന്നു. എന്നാല്‍ ലൂസൈല്‍ സ്റ്റേഡിയത്തില്‍ സൗദി പുറത്തെടുത്ത പോരാട്ടവീര്യത്തിന് മുന്നില്‍ അര്‍ജന്‍റീന നിഷ്പ്രഭമായി.

ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 37 മത്സരങ്ങളില്‍ അപരാജിതരായിരുന്ന ഇറ്റലിയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ ലോക റാങ്കിംഗില്‍ 51-ാം സ്ഥാനത്തുള്ള സൗദി അറേബ്യക്കെതിരെ അര്‍ജന്‍റീനക്ക് ഒരു സമനില മാത്രം മതിയായിരുന്നു. സൗദിക്കെതിരെ ആദ്യ പകുതിയില്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയപ്പോള്‍ ആരധകര്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ഇളകുന്നത് സ്വപ്നം കണ്ടു.

എന്നാല്‍ രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ വീണ രണ്ട് ഗോളുകള്‍ അര്‍ജന്‍റീനയുടെ കണ്ണീരായി. അദ്യ പകുതിയില്‍ മൂന്ന് തവണ സൗദി വലയില്‍ അര്‍ജന്‍റീന പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. രണ്ടാം പകുതി തുടങ്ങുമ്പോള്‍ അര്‍ജന്‍റീന എത്ര ഗോളുകള്‍ കൂടി നേടുമെന്നതായിരുന്നു ആരാധകരുടെ ചര്‍ച്ച.

എന്നാല്‍ രണ്ടാം പകുതിയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത സൗദി വീറോടെ പൊരുതുന്നതാണ് കണ്ടത്. 48-ാം മിനിറ്റില്‍ സലേഹ് അല്‍ഷേരിയിലൂടെ സൗദി സമനില പിടിച്ചപ്പോഴും അര്‍ജന്‍റീന ആരാധകര്‍ വരാനിരിക്കുന്ന ദുരന്തം മുന്‍കൂട്ടി കണ്ടില്ല. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം സലേം അല്‍ദ്വാസാരി അര്‍ജന്‍റീനയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് രണ്ടാം ഗോള്‍ നേടിയപ്പോള്‍ അര്‍ജന്‍റീന ഞെട്ടി. ഒരു ഗോള്‍ ലീഡെടുത്തതോടെ ആക്രമണം ഉപേക്ഷിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞ സൗദി കളിക്കാരുടെ മെയ്ക്കരുത്തിനെയും ഗോള്‍ കീപ്പറുടെ മികവിനും മുന്നില്‍ അര്‍ജന്‍റീന തലകുനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button