ദോഹ: ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മിശിഹാ അവതരിച്ചു. ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ഒന്‍പതാം മിനുറ്റില്‍ അര്‍ജന്‍റീനയെ മെസി മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് മെസിയുടെ ഗോള്‍.
അവസാനം കളിച്ച 36 മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. ഒരു മത്സരത്തില്‍ക്കൂടി തോല്‍ക്കാതിരുന്നാല്‍ ഇറ്റലി കൈവശംവെച്ചിരിക്കുന്ന 37 മത്സരങ്ങളിലെ അപരാജിതകുതിപ്പെന്ന റെക്കോഡിനൊപ്പമെത്തും. 27 ജയവും ഒമ്പത് സമനിലയുമാണ് ടീമിനുള്ളത്. 2019 ജൂലായ് ആറിന് ചിലിയെ തോല്‍പ്പിച്ചാണ് കുതിപ്പാരംഭിക്കുന്നത്. ആ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോടാണ് അവസാനമായി തോറ്റത്.
4-4-2 അല്ലെങ്കില്‍ 4-3-1-2 ശൈലിയിലാകും ലയണല്‍ സ്‌കലോനി ടീമിനെ ഇറക്കുന്നത്. 4-4-2 ആണെങ്കില്‍ ലൗട്ടാറോ മാര്‍ട്ടിനെസും ലയണല്‍ മെസ്സിയും മുന്നേറ്റത്തില്‍ വരും. മാക് അലിസ്റ്ററും എയ്ഞ്ചല്‍ ഡി മരിയയും വിങ്ങുകളില്‍ കളിക്കും. ലിയനാര്‍ഡോ പാരെഡസും റോഡ്രിഗോ ഡി പോളും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലുമായുണ്ടാകും. 4-3-1-2 ശൈലിയാണെങ്കില്‍ മെസ്സി താഴോട്ടിറങ്ങിക്കളിക്കും. മരിയയും മാര്‍ട്ടിനെയും മുന്നേറ്റത്തില്‍ വരും.
മറുവശത്ത് സൗദി 4-3-3 ശൈലിയില്‍ കളിക്കാനാണ് സാധ്യത. മുന്നേറ്റത്തില്‍ സലേം അല്‍ ഡ്വാസരി-ഫിറാസ് അല്‍ ബുറയ്കാന്‍-ഹട്ടന്‍ ബഹെബ്രി എന്നിവരെയാകും പരിശീലകന്‍ ഹാര്‍വെ റെനാര്‍ഡ് പരിശീലിപ്പിക്കുന്നത്.