കൊച്ചി:മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനായാണ് മമ്മൂട്ടിയെ ആരാധകർ കാണുന്നത്. അന്നും ഇന്നും സിനിമാ രംഗത്ത് മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യമുണ്ട്. കരിയറിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് പോയ നടനുമാണ് മമ്മൂട്ടി. സഹനായക വേഷങ്ങൾ, കരിയറിലെ താഴ്ചകൾ, സൂപ്പർ സ്റ്റാർഡത്തിൽ നിലനിന്ന നാളുകൾ, മാറിയ സിനിമകൾക്കൊപ്പമുള്ള സഞ്ചാരം തുടങ്ങി മമ്മൂട്ടിയുടെ കരിയർ ഗ്രാഫ് ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു.
ഇന്ന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളിൽ വലിയ വ്യത്യസ്തതകൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. പുഴു, റോഷാക്ക് തുടങ്ങിയ സിനിമകൾ നടന് ഏറെ പ്രശംസകൾ നേടിക്കൊടുത്തു.
അതേസമയം ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ക്രിസ്റ്റഫർ എന്ന സിനിമ പൂർണ പരാജയമായിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ വലിയ താരനിര അണിനിരന്നെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയ്ക്ക് പുറത്ത് മമ്മൂട്ടിയെക്കുറിച്ച് പല തരത്തിലുള്ള കഥകളുണ്ട്.
നടൻ ദേഷ്യക്കാരനാണെന്ന് പണ്ട് മുതലേ സിനിമാ ലോകത്തുള്ള സംസാരമാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിനാൽ തന്നെ മമ്മൂട്ടിയുടെ ദേഷ്യം പലപ്പോഴും ചർച്ചയാവാറുണ്ട്. പ്രായം കൂടിയപ്പോഴാണ് നടൻ ശാന്തനായി തുടങ്ങിയതെന്നാണ് സിനിമാ ലോകത്തെ സംസാരം.
തന്റെ ദേഷ്യത്തെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി തന്നെ സംസാരിച്ചിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാമിലായിരുന്നു ഇത്.
‘പെട്ടെന്ന് ദേഷ്യം വരില്ല. ദേഷ്യപ്പെടുത്തിയാൽ ആർക്കാണ് ദേഷ്യം വരാത്തത്. സിംഹവും പാമ്പും വെറുതെ പോവുമ്പോൾ നമ്മളെ കടിച്ച് തിന്നുമോ. അതിനെ ഉപദ്രവിച്ചാൽ മാത്രമല്ലേ ഉപദ്രവിക്കുള്ളൂ. അത് പോലെയെ നമ്മളും ദേഷ്യപ്പെടും. ദേഷ്യം വരാത്തവർ മനുഷ്യരാണോ. ഞാൻ കുറച്ച് സ്പീഡായി ദേഷ്യം പിടിക്കും. അതങ്ങ് പോവുകയും ചെയ്യും,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.
‘എനിക്കങ്ങനെ റോൾ മോഡൽ ഇല്ല. ഞാൻ ചെറിയ ടാർഗറ്റ് വെച്ചല്ല വന്നത്. മിനിമം മർലിൽ മൺറോ ആവണമെന്ന് വിചാരിച്ച് മമ്മൂട്ടിയായ ആളാണ്. ഏത് തൊഴിൽ ചെയ്താലും ചെറിയ ആഗ്രഹങ്ങളല്ല വേണ്ടത്. നമ്മുടെ ആഗ്രഹങ്ങളും പരിശ്രമങ്ങളും വലിയ ടാർഗറ്റായാലേ ചെറുതെങ്കിലും നേടാൻ പറ്റൂ’
‘കോളേജിൽ പഠിച്ച ശേഷമാണ് സൗഹൃദങ്ങൾക്ക് ശക്തി വരുന്നത്. അവരൊക്കെ ഇപ്പോഴുമുണ്ട്. സിനിമയിലെ സൗഹൃദങ്ങൾ നമ്മൾ സിനിമയിലേക്ക് വന്ന ശേഷമുള്ളതാണ്. അവർക്ക് നമ്മളോടുള്ള ആറ്റിറ്റ്യൂഡും നമുക്ക് അവരോടുള്ള ആറ്റിറ്റ്യൂഡും വ്യത്യസ്തമാണ്’
‘സിനിമയിലല്ലാത്ത എന്റെ സുഹൃത്തുക്കൾ പഴയ ആളുകൾ തന്നെയാണ്. അവരെ പോലെ ഞാനും ഒരു ജോലി ചെയ്യുന്നു. ഞാൻ സിനിമാ നടനാണെന്നത് അവർക്കൊരു വിഷയമേ അല്ല. സിനിമയിലെ സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം സിനിമ വിഷയമാണ്’
‘ഏറ്റക്കുറച്ചിലും ഉയർച്ച താഴ്ചകളും ചിലപ്പോൾ നമ്മുടെ സൗഹൃദത്തെ ബാധിച്ചേക്കും. അങ്ങനെയല്ലാത്ത സൗഹൃദങ്ങളുമുണ്ട്.
മിമിക്രിക്കാരെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താൻ പറ്റില്ല. ചില കാര്യങ്ങളിൽ’
‘നമ്മളറിയാതെ നമുക്കുള്ള ദോഷം അവർ കണ്ട് പിടിക്കും. അവരത് കാണിക്കുമ്പോൾ നമ്മളതിൽ നിന്ന് ഒഴിവാകും. പണ്ട് ഞാൻ കൈയിങ്ങനെ ചൂണ്ടുമായിരുന്നു. ഇപ്പോൾ ഞാൻ കൈയേ എടുക്കാറില്ല,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.
കാതലാണ് മമ്മൂട്ടിയുടെ വരാനിനിരിക്കുന്ന സിനിമ. ജ്യോതിക നായികയാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. പ്രഖ്യാപന സമയം മുതൽ ചർച്ചയായ ഈ പ്രൊജക്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.