തൃശ്ശൂര്‍: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ’യുടെ ലേഖനത്തിൽ പറയുന്നു.
മണിപ്പുര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പുരിലും യു.പി.യിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും മുഖപത്രത്തിൽ രൂക്ഷവിമര്‍ശനം. കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
മണിപ്പുർ കത്തിയപ്പോൾ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാർട്ടി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ഇവർക്ക് ആണത്തമുണ്ടായിരുന്നോ എന്ന് ജനങ്ങൾ ചോദിക്കുന്നതായി മുഖപത്രം പറയുന്നു. മണിപ്പുര്‍ കലാപം ജനാധിപത്യബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങള്‍ ജാഗരൂകരാണെന്നും പത്രം മുന്നറിയിപ്പ് നൽകുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കിയില്ല. സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്നും കത്തോലിക്കാസഭയുടെ മുഖപത്രം വിമർശിക്കുന്നു.