പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വള്ളംകളിയുടെ ഫ്ലാഗ് ഓഫ്. 50 പള്ളിയോടങ്ങൾ പമ്പയാറ്റിൽ ആറന്മുള ശൈലിയിൽ തുഴയെറിയും. രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് വള്ളംകളി നടക്കുക. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സര വള്ളംകളി നടക്കുന്നത്.
.
സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും.രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും.
സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം നിർവഹിക്കും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും.
എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ. എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും.
ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് അപകടം ഉണ്ടായതിനു പിന്നാലെ സുരക്ഷാ നിർദേശം നൽകി ജില്ലാ കളക്ടർ
പള്ളിയോടങ്ങളിലും വള്ളങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളെ കയറ്റരുതെന്ന് കളക്ടർ അറിയിച്ചു.
18നു താഴെ പ്രായമുള്ളവരെയും കയറ്റരുത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിയണം. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിർദേശത്തിലുണ്ട്.
നിർദേശങ്ങൾ
- പളളിയോടങ്ങളിലും വളളങ്ങളിലും അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ കയറാവൂ.
- പള്ളിയോടങ്ങളിലും, വളളങ്ങളിലും 18 വയസ്സിനുമുകളിൽ ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
- പ്രതിക്ഷണ സമയത്ത് പള്ളിയോടങ്ങളിലും വളളങ്ങളിലും തുഴച്ചിൽ, നീന്തൽ അറിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു.
- പള്ളിയോടങ്ങളിലും വളളങ്ങളിലും കയറുന്നവരുടെ പേരും വിലാസവും സംഘാടകർ രേഖപ്പെടുത്തി സൂക്ഷിക്കണം.
- പളളിയോടങ്ങളിലും വളളങ്ങളിലും സഞ്ചരിക്കുന്നവർക്ക് ആവശ്യമായ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
- പളളിയോടങ്ങളുടെ യാത്രയിൽ ഒരു സുരക്ഷാ ബോട്ട് അനുഗമിക്കേണ്ടതും അത് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
- അടിയന്തിര സാഹചര്യം നേരിടുന്നതിന് ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംവിധാനങ്ങൾ ക്രമീകരിക്കണം.
- ഈ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ ഉറപ്പുവരുത്തണം.