പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറബിക് മന്ത്രവാദി അറസ്റ്റിൽ. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് എടുത്തു.
പെൺകുട്ടിയ്ക്ക് പഠനത്തിൽ അൽപ്പം ശ്രദ്ധ കുറവാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി രക്ഷിതാക്കളാണ് പെൺകുട്ടിയുമായി സമന്റെ അടുത്ത് എത്തിയത്. വിവരങ്ങൾ കേട്ട ശേഷം രക്ഷിതാക്കളോട് പുറത്തിറങ്ങി നിൽക്കാൻ ഇയാൾ ആവശ്യപ്പെടുക ആയിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചത്. സംഭവം പുറത്തുപറയരുതെന്ന് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെൺകുട്ടി വിവരം വീട്ടുകാരിൽ നിന്നും മറച്ചുവയ്ക്കുകയായിരുന്നു.
ഇതേ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് അടൂർ പോലീസ് ആണ് അന്വേഷിക്കുന്നത്. സമനെതിരെ ആദ്യം അടൂർ പോലീസ് ആണ് കേസ് എടുത്തത് എങ്കിലും പിന്നീട് നൂറനാട് പോലീസിന് കൈമാറുകയായിരുന്നു.
പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. നാല് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രവാദിയും അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. ഏഴാം ക്ലാസ് മുതൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തൽ. പ്രതികളിൽ ചിലരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടത്.