സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ ധാരാളമാണ്. പ്രതിസന്ധികളില്‍ ആത്മഹത്യ ചെയ്യാതെ ജീവിത വിജയം നേടിയ കഥ പങ്കുവയ്ക്കുകയാണ് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ അപര്‍ണ. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലാണ് അപര്‍ണ തന്റെ പോരാട്ടങ്ങളെക്കുറിച്ചു പങ്കുവച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കുഞ്ഞിനേയും കയ്യിലെടുത്തു 7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഇനിയങ്ങോട്ടെന്ത് എന്ന് അറിയില്ലായിരുന്നു. ആത്മവിശ്വാസവും ആരോഗ്യവും നഷ്ട്ടപ്പെട്ട, വര്ഷങ്ങളോളം കൂട്ടിലകപ്പെട്ട എനിക്കിനി മുന്‍പൊട്ടൊന്നും ചെയ്യാനാവില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. അമ്മയും അച്ഛനും കട്ടക്ക് കൂടെയുണ്ടായിരുന്നു. നമ്മുടെ സമൂഹത്തില്‍ ഭര്‍തൃവീട്ടില്‍ നിന്നും ജീവന്‍പോകാതെ രക്ഷപ്പെടാനുള്ള ധൈര്യമൊന്നും വേണ്ട പഠിച്ച തൊഴില്‍ വൃത്തിയായി ചെയ്യാനെന്നു സുഹൃത്തുക്കളും ഓര്‍മിപ്പിച്ചു.
അങ്ങനെ ചിങ്ങമാസം ഒന്നാംതീയതി സൗപര്‍ണിക ആയുര്‍വേദ എന്നപേരില്‍ ഒരു കുഞ്ഞു ക്ലിനിക് ഞാന്‍ മഞ്ചേരിയില്‍(നറുകര) തുടങ്ങി. അവിടന്നങ്ങോട്ട് പതുക്കെപ്പതുക്കെ മുന്നോട്ടു നടക്കാന്‍ തുടങ്ങി.
Souparnika Wellnessഎന്ന കൂട്ടായ്മായിലെ പതിനായിരത്തില്‍ പരം ആളുകളും, ക്ലിനിക്കും, രോഗികളും ഒക്കെ ആയി ഞാന്‍ ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നു.
എങ്കിലും ഈ ആറു വര്‍ഷംകൊണ്ട് ഞാന്‍ നേടിയതെന്താണെന്നു ചോദിച്ചാല്‍ അത് ആത്മവിശ്വാസമാണ്. അവനവനെ സന്തോഷമാക്കിവെക്കാനുള്ള ആത്മവിശ്വാസം. കരയാന്‌പോലും കഴിയാത്ത, ആളുകളോട് സംസാരിക്കാന്‍പോലും മടിച്ചിരുന്ന എന്നെ ഇന്ന് സൗപര്‍ണിക ആയുര്‍വേദ എന്ന എന്റെ ബ്രാന്‍ഡും അതിന്റെ കുഞ്ഞു ബേബിയായ ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ എന്ന ഹെയര്‍ ഓയിലും മലയാളത്തിലെ ഏറ്റവും സര്‍ക്കുലേഷനുള്ള ദ്വൈമാസികകളില്‍ ഒന്നായ വനിത വരെ കൊണ്ടെത്തിച്ചിരിക്കുയാണ്.
അതിനു വേണ്ടിവന്ന അകെ ഇന്‍വെസ്റ്റ്‌മെന്റ് മരിക്കാന്‍ ഞാന്‍ ഇല്ലെന്ന ഉറച്ച തീരുമാനം മാത്രം ആയിരുന്നു.