സൂര്യയുടെ നായികയായതിന് പിന്നാലെ തമിഴിലെ ഈ സൂപ്പര്‍സ്റ്റാറിന്റെയും നായികയാകാന്‍ ഒരുങ്ങി അപര്‍ണ ബാലമുരളി; പ്രഖ്യാപനം ഉടന്‍
ചെന്നൈ:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. സുരറൈ പോട്ര് എന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായതിന് പിന്നാലെ കാര്‍ത്തിയുടെ നായികയാകാന്‍ ഒരുങ്ങുകയാണ് അപര്‍ണ്ണ ബാലമുരളി. മുത്തയ്യയാണ് ചിത്രത്തിന്റെ സംവിധായകന്‍. മുത്തയ്യക്കൊപ്പം ഒരു റൂറല്‍ ഡ്രാമാ ചിത്രമാണ് കാര്‍ത്തി ചെയ്യുന്നതെന്നാണ് സൂചന.
സര്‍ദാറിന് മുന്‍പ് ഈ ചിത്രം കാര്‍ത്തി പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. സൂര്യയുടെ നായിക വേഷത്തില്‍ മികച്ച അഭിനയം കാഴ്ച്ച വെച്ചതിനെ തുടര്‍ന്ന് കാര്‍ത്തി ചിത്രത്തിന് പുറമെ മറ്റൊരു ചിത്രം കൂടി തമിഴില്‍ അപര്‍ണ്ണയെ തേടിയെത്തിയിരുന്നു
ആര്‍ ജെ ബാലാജിയുടെ നായികയായി ബദായി ഹോയുടെ തമിഴ് റീമേക്കിലും അപര്‍ണ്ണ വേഷമിടുന്നുണ്ട്. സത്യരാജ്, ഉര്‍വ്വശി എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘വീട്ടില വിഷാംഗ’ എന്നാണ് ചിത്രത്തിന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ നടക്കുന്നതായിരിക്കും.
ആഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ ജെ ബാലാജി തന്നെയാണ് ബദായി ഹോയുടെ റീമേക്ക് സംവിധാനം ചെയ്യുന്നത്. ഒരു വലിയ ഷെഡ്യൂളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്