കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്തയാൾ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നാണു കരുതുന്നതെന്ന് അൻവർ സാദത്ത് എംഎൽഎ. പെൺകുട്ടി അന്യസംസ്ഥാനക്കാരി ആയതിനാൽ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന വാദം തെറ്റാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം. അയാൾ കർമങ്ങൾ ചെയ്യാൻ യോഗ്യനല്ലെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്നും അദ്ദേഹം അറിയിച്ചു.
‘‘ഞാനിതിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഈ കക്ഷി ഇത് ഏറ്റെടുക്കുകയായിരുന്നു. എനിക്കൊരു മുണ്ട് തന്നാൽ മതി ഞാൻ ചെയ്തോളാമെന്നാണു പറഞ്ഞത്. അവർ നോക്കുമ്പോൾ വേറെ ആളെ അന്വേഷിക്കാനുള്ള സമയമില്ല. അങ്ങനെയാണ് ഈ കക്ഷി കർമങ്ങൾ ചെയ്യുന്നത്. ഈ കുട്ടിക്ക് അന്ത്യകർമങ്ങൾ ചെയ്യണ്ടേ എന്നൊരു അഭിപ്രായം ആ ഹാളിൽ നിൽക്കുമ്പോൾ വന്നു.
അങ്ങനെയാണ് ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞത് അനുസരിച്ച് കുട്ടിയുടെ ബന്ധുക്കളോടു ചോദിച്ചു. ആദ്യം കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞത് അഞ്ചു വയസ്സ് പ്രായം മാത്രമുള്ളതു കൊണ്ട് കർമം ചെയ്യേണ്ട എന്നാണ്. പിന്നീട് അവർ കർമം ചെയ്താൽ നല്ലതാണെന്നു പറഞ്ഞു. തുടർന്നാണ് രാജി രമണൻ ചേലാത്ത് എന്ന പഞ്ചായത്ത് മെമ്പറോട് അന്ത്യകർമങ്ങൾ ചെയ്യാൻ ആളെ വേണമെന്ന് പറഞ്ഞത്.
പിന്നാലെ, രമണൻ കർമങ്ങളുടെ സാധനങ്ങൾ വാങ്ങിവച്ച് കർമിയെ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് രേവത് എന്നയാൾ അയാൾ കർമം ചെയ്യാമെന്നു പറഞ്ഞ് സ്വയം മുന്നോട്ടു വന്നത്. കർമങ്ങളെല്ലാം അയാൾ ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ഒരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണ് കണ്ടത്. മറ്റൊരു സംസ്ഥാനത്തെ കുട്ടിയായതുകൊണ്ട് കർമം ചെയ്യാൻ ആരും തയാറായില്ലെന്നും അതിനാൽ ഞാൻ സ്വയം ഏറ്റെടുത്തെന്നും ഇയാൾ പറയുന്നത് കേട്ടു. സത്യം പറഞ്ഞാൽ ഇതു കേട്ട് ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അയാളെ അപ്പോ തന്നെ കെട്ടിപ്പിടിച്ചു.
ഇതൊക്കെ കഴിഞ്ഞ് തൃശൂരിൽ വന്നപ്പോഴാണ് ഇയാൾ ആരാണെന്ന് അറിയുന്നത്. ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നു കേട്ടു. അയാൾ അത് ചെയ്യാൻ യോഗ്യനല്ലെങ്കിൽ അതിനെ നിയമപരമായി നേരിടണം. ഒരു ചെറുപ്പക്കാരൻ, അയാളുടെ വേഷമൊക്കെ കണ്ടില്ലേ, ആരായാലും വിശ്വസിച്ചു പോകും. വേറാരും വന്നില്ലാന്ന് അയാൾ പറഞ്ഞതു കളവാണെന്നാണു കരുതുന്നത്.
രേവന്ത് പറഞ്ഞത് ആ മെമ്പർ അയാളുടെ ശുദ്ധമനസ്സുകൊണ്ട് വിശ്വസിച്ചു പോയതാകും.’– അൻവർ സാദത്ത് പറഞ്ഞു. രേവത് മാപ്പു പറഞ്ഞെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ‘മാപ്പു പറഞ്ഞപ്പോൾ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കിൽ അതാണ് ചെയ്യേണ്ടിയിരുന്നത്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അതേസമയം, ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരികൾ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി നല്‍കി. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറൽ എസ്പിക്കു പരാതി നൽകിയത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നു പരാതിയിൽ പറയുന്നു. പ്രസ്താവനയിലൂടെ മതസ്പർധ വളർത്താനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നും പരാതിയിലുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് പ്രതികരിച്ചു.