തിരുവനന്തപുരം:കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവർ പറഞ്ഞു.
അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കേറ്റിൽ അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകൾ ഇന്ന് പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാർ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേൽവിലാസമാണ് തെറ്റായി നൽകിയതും. 2020 ഒക്ടോബർ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കേറ്റ് നൽകിയതും.
അജിത്തുമായി പ്രണയത്തിലായത് മുതൽ വീട്ടുകാർക്ക് എതിർപ്പായിരുന്നുവെന്നും ഗർഭിണിയായപ്പോൾ മുതൽ കുട്ടിയെ നശിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാർ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.
എന്നാൽ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സർട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തിൽ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുൻ എസ്എഫ്ഐ പ്രവർത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.
കുഞ്ഞു നഷ്ടമായ സംഭവത്തേക്കുറിച്ച്
അനുപമയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
കുഞ്ഞിനെ അമ്മതൊട്ടിലിൽ ഏൽപ്പിച്ചുവെന്ന് അറിയുന്നത് രണ്ടുമാസം മുമ്പ് മാത്രമാണ്. അതുപോലും വിശ്വസനീയമല്ല. കാരണം ആറുമാസം മുമ്പെ പരാതി കൊടുത്തതാണ്. ഇതിനിടയിൽ ഒരു തവണയെങ്കിലും വന്ന് പോലീസ് സ്റ്റേഷനിൽ പറഞ്ഞിരുന്നുവെങ്കിൽ ഞങ്ങൾ ആ വഴിക്ക് നീങ്ങുമായിരുന്നു. ചിലപ്പോൾ ആ സമയത്ത് ഞങ്ങളുടെ കുഞ്ഞ് അമ്മ തൊട്ടിലിൽ ഉണ്ടായിരുന്നിരിക്കാം. അങ്ങനെയെങ്കിൽ കുഞ്ഞിനെ വീണ്ടെടുക്കാൻ കഴിഞ്ഞെനെ, കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. ദത്തെടുക്കലിന്റെ നടപടിക്രമങ്ങളെല്ലാം റദ്ദാക്കി വേണം കുഞ്ഞിനെ ഇനി വീണ്ടെടുക്കാൻ. ഇത്രയും നാൾ പറയാതിരുന്നതുകൊണ്ടുതന്നെ കുഞ്ഞിനെ അമ്മ തൊട്ടിലിൽ ഏൽപ്പിച്ചുവെന്ന് ഇപ്പോൾ പറയുന്നതിനെ വിശ്വാസത്തിൽ എടുക്കാനാകില്ല. ഞാനെന്റെ കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷമായി. ചൊവ്വാഴ്ച അവന് ഒരുവയസ് ആയി. അന്ന് പോലും കുഞ്ഞിനെ കിട്ടാനുള്ള പരാതിയുമായി ഞങ്ങൾ ഓരോ സ്ഥലത്തും കയറി ഇറങ്ങുകയാണ്. അവന് ഒരു വയസാകുന്നതിന്റെ തലേന്ന്. അതായത് ഞങ്ങൾ പരാതികൊടുത്തിട്ട് ആറുമാസം തികയുന്നതിന്റെ അന്നാണ് അവർ ഈ വിഷയത്തിൽ എഫ്ഐആർ ഇടുന്നത്. എഫ്ഐആറിൽ കുഞ്ഞിനെ തട്ടികൊണ്ടുപോയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വകുപ്പ് പോലും ചേർത്തിട്ടില്ല. തട്ടികൊണ്ടുപോകുക, തടവിൽ പാർപ്പിക്കുക, വ്യാജ രേഖ ചമയ്ക്കുക, ഗൂഢാലോചന നടത്തുക. ഈ നാലുവകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
എന്തുകൊണ്ട് ഇത്രയും വൈകിയെന്ന് ചോദിച്ചപ്പോൾ നിയമോപദേശം തേടിയിരുന്നു. അതിന്റെ മറുപടി കിട്ടിയത് കഴിഞ്ഞദിവമാണ് എന്നാണ് പോലീസ് പറഞ്ഞത്.മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ മൊഴി വിശദ്ദമായി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ല. ചുരുക്കി മാത്രമെ എഴുതുവെന്ന് പോലീസ് നിർബന്ധം പിടിച്ചു. അങ്ങനെയാണേൽ പരാതി ഡിജിപിക്കോ മറ്റോ നൽകാം എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ പരാതി വിശദമായി രേഖപ്പെടുത്താമെന്ന് പോലീസ് സമ്മതിച്ചു. എന്നിട്ട് എല്ലാം കംപ്യൂട്ടറിൽ രേഖപ്പെടുത്തുകയാണ് ചെയ്തത്. എന്നെ എന്റെ അച്ഛൻ വിളിച്ച തെറികൾ ഉൾപ്പെടെ എല്ലാം പറഞ്ഞ് നോട്ട് ചെയ്യിപ്പിച്ച ശേഷം സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ നേരത്ത് ഞങ്ങളോട് പറഞ്ഞത് ഇത് മൊഴിയായിട്ട് എടുത്തത് അല്ല. എഫ്ഐആർ ഇട്ടതിന് ശേഷം ഞങ്ങൾക്ക് വിവരം ബോധ്യപ്പെടാൻ വേണ്ടി ഒരു സ്റ്റേറ്റ്മെന്റ് എടുത്തുവെന്നെ ഉള്ളു എന്നാണ്. മൊഴിയെടുക്കാൻ പിന്നെ വിളിപ്പിക്കാമെന്നും പോലീസ് പറഞ്ഞു. ഇവർ ഈ ചെയ്യുന്നത് എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല. അനുപമ വ്യക്തമാക്കി.
അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലേക്കു നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ. പ്രസവിച്ച് മൂന്നാം ദിവസം മാതാപിതാക്കൾ എടുത്തുമാറ്റിയ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന. തുടക്കത്തിൽ താത്കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്. വിവാദങ്ങൾക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ്.
ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്നാണ് സംശയം. രണ്ട് ദിവസത്തിനു ശേഷമാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെത്തിയ മാതാപിതാക്കളോട് കുഞ്ഞ് ശിശുക്ഷേമസമിതിയിലുണ്ടെന്നു പറയുന്നത്. ഏപ്രിലിൽ പേരൂർക്കട പോലീസിലാണ് ആദ്യം പരാതി നൽകിയത്.
കുഞ്ഞിനെ നിയമപരമായാണ് നൽകിയിട്ടുള്ളതെന്നും എന്നാൽ, എവിടെയാണെന്ന് അനുപമയുടെ അച്ഛൻ പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.എസ്.ജയചന്ദ്രൻ പറയുന്നില്ലെന്നുമാണ് പോലീസ് പറഞ്ഞത്. കേസെടുക്കാൻ അന്ന് തയ്യാറാകാത്ത പോലീസ് കഴിഞ്ഞ ദിവസം ജയചന്ദ്രനും കുടുംബത്തിനും എതിരേ കേസെടുത്തു. ജൂൺ 12-ന് അനുപമ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകി. ഒരു മാസത്തിനു ശേഷമാണ് കുഞ്ഞെവിടെയാണെന്ന് പോലീസ് പറയുന്നത്.
ഏപ്രിലിൽ ശിശുക്ഷേമസമിതിയിലും ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി രക്ഷിതാക്കൾ എത്തിയിരുന്നു. വിവരങ്ങൾ കോടതിയിലേ അറിയിക്കാനാവൂ എന്നാണ് അറിയിച്ചത്. എന്നാൽ, സമിതിയിലെ ഉന്നതരായ പലർക്കും കുഞ്ഞിനെ ഇവിടെ ഏൽപ്പിച്ച വിവരം അറിയാമായിരുന്നുവെന്നും മനഃപൂർവം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി ഡി.എൻ.എ. ടെസ്റ്റ് നടത്തി. അതേ ദിവസം രാത്രി ലഭിച്ച ഒരു കുഞ്ഞിന്റെ ടെസ്റ്റാണ് ഒത്തുനോക്കാൻ നടത്തിയതെന്നാണ് വിവരം.
പരാതി അറിഞ്ഞില്ലെന്നു നടിച്ച് ഇപ്പോഴും ദത്ത് നൽകാനുള്ള തുടർനടപടികൾ പൂർത്തിയാക്കാൻ ശിശുക്ഷേമസമിതി ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും ആരോപിക്കുന്നു.